”അവസാനത്തെ വറ്റുപോലും ഞങ്ങൾക്ക് വിളമ്പിയിട്ട്, വിശന്നിരിക്കുകയാണ് അമ്മ…” മാതൃദിനത്തിൽ കുറിപ്പുമായി സംവിധായകൻ

മലയാളചലച്ചിത്ര സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. 1997-ൽ പുറത്തിറങ്ങിയ ഹിറ്റ്ലർ ബ്രദേർസ് എന്ന സിനിമയിൽ സഹസം‌വിധായകനായിട്ടാണ് റോഷന്‍ സിനിമ ജീവിതത്തിലേക്ക് കടന്നുവന്നത്. ഇപ്പോളിതാ ലോകമാതൃദിനത്തിൽ സ്വന്തം അമ്മയെക്കുറിച്ച് റോഷൻ ആൻഡ്രൂസ് പങ്കുവെക്കുന്ന ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

റോഷൻ ആൻഡ്രൂസിന്റെ കുറിപ്പ് ;

അമ്മയായിരുന്നു എന്റെ ശക്തി

അമ്മയെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിൽ കയറിവരുന്ന ഒന്നുണ്ട്. ലോകത്തെ എല്ലാ അമ്മമാരും പറയുന്ന ഒരു വാചകം. ”നീ കഴിച്ചോ, ഇന്ന് എന്താ ഉണ്ടാക്കേണ്ടത്, കഴിക്കാതെ കിടന്ന് ഉറങ്ങല്ലേ” എന്റെ ജീവിതത്തിൽ ഇത് ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് അമ്മയിൽനിന്നാണ്. ഞാനും ചേട്ടനും അപ്പച്ചനും നന്നായി ഭക്ഷണം കഴിച്ചാൽ അതായിരുന്നു അമ്മയുടെ ഏറ്റവും വലിയ സന്തോഷം. സ്നേഹംകൊണ്ട് ഞങ്ങൾക്കു ചുറ്റും കരുതലൊരുക്കിയിരുന്നു എപ്പോഴും അമ്മ. ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളിലൂടെയും പ്രശ്നങ്ങളിലൂടെയും കടന്നുപോയ കുടുംബമാണ് ഞങ്ങളുടേത്. അമ്മ ജനിച്ചതും വളർന്നതും അറിയപ്പെടുന്ന കുടുംബത്തിലായിരുന്നു.ഏഴു മക്കളിൽ മൂത്ത മകളായിരുന്നു ബേണിയെന്ന എന്റെ അമ്മ. അപ്പച്ചൻ ആൻഡ്രൂസ്. പ്രണയമാണ് ഇരുവരെയും ഒരുമിപ്പിച്ചത്.

അമ്മച്ചിയുടെ കുടുംബത്തിന് സമാനമായ സാഹചര്യങ്ങളിൽതന്നെയാണ് അപ്പച്ചനും വളർന്നുവന്നത്. ആവശ്യത്തിന് സ്വത്തും കൃഷിയുമൊക്കെയുണ്ടായിരുന്നു. പക്ഷേ, അപ്പച്ചന്റെ ബിസിനസും വർക്ക്ഷോപ്പുമൊക്കെ മുടങ്ങുകയും നഷ്ടമാവുകയും ചെയ്തു. ‘ഇവിടം സ്വർഗമാണ്’ സിനിമയിൽ ആ ജീവിതമാണ് പറയുന്നത്. അപ്പച്ചന്റെ ബിസിനസൊക്കെ തകർന്നതോടെ ദാരിദ്ര്യത്തിന്റെ നാളുകളായിരുന്നു. എന്റെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന ഒരു ഓർമയുണ്ട്. വീട്ടിലുണ്ടായ തേങ്ങയെല്ലാം അമ്മ സ്വരുക്കൂട്ടി വിൽക്കാൻ കാത്തിരിക്കുന്നത്. പണം കിട്ടിയിട്ട് വേണം അരിയും സാധനങ്ങളുമൊക്കെ വാങ്ങാൻ.

ഞാനും ചേട്ടനും അന്ന് പഠിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. ജോലി ചെയ്യാവുന്ന പ്രായമായിട്ടില്ല. ദിവസവും ഞങ്ങൾ നല്ലതുപോലെ എക്സർസൈസൊക്കെ ചെയ്യും, അത്കൊണ്ടുതന്നെ നന്നായിട്ട് ഭക്ഷണം കഴിക്കും. ഒരു ദിവസം ഞാനും അപ്പച്ചനും ചേട്ടനും ചോറ് കഴിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് വീണ്ടും ചോറ് വേണം, അകത്ത് ഞാൻ ചെന്നുനോക്കുമ്പോൾ കലം കാലിയാണ്. അവസാനത്തെ വറ്റുപോലും ഞങ്ങൾക്ക് വിളമ്പിയിട്ട്, വിശന്നിരിക്കുകയാണ് അമ്മ. ഒരുപാട് വർഷങ്ങൾ കഴിഞ്ഞു. ദൈവം ഒരുപാട് അനുഗ്രഹിച്ചു, കുഴപ്പമില്ലാതെ ജീവിക്കാനുള്ള അവസരവും നൽകി. പക്ഷേ, ആ നിമിഷം മനസ്സിലുണ്ട് ഇപ്പോഴും ഒരു മുറിവായി.
ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാൻ. കാരണം, എനിക്ക് അപ്പച്ഛനെയും അമ്മച്ചിയെയും അവർക്ക് സംതൃപ്തി നൽകുന്ന രീതിയിൽ നോക്കാൻ സാധിച്ചു. ചില ബന്ധുക്കളൊക്കെ ചോദിക്കാറുണ്ട്.
അപ്പച്ഛനും അമ്മച്ചിയും നിങ്ങൾക്ക് എന്ത് നേടിത്തന്നു, സ്വത്തുക്കളോ ബാങ്ക് ബാലൻസോ ഒന്നും നൽകിയില്ലല്ലോ എന്ന്. അവർക്ക് ഞാൻ നൽകിയ മറുപടി: എന്റെ അച്ഛനും അമ്മയും ഞങ്ങൾക്കുതന്ന ഏറ്റവും വലിയ നിധി ഞങ്ങൾക്ക് നൽകിയ ഫ്രീഡമാണ്. എന്തും ചെയ്യാനുള്ള ഫ്രീഡം. വിദ്യാഭ്യാസം നൽകി, സ്നേഹിച്ചു, ഞങ്ങളെ നല്ലതുപോലെ നോക്കി. ഇതിൽ കൂടുതൽ എന്താണ് അവർ ചെയ്യേണ്ടത്. എന്നെ സംബന്ധിച്ച് അച്ഛനും അമ്മയും എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. ഞങ്ങളെ അമ്മച്ചി തല്ലിയിട്ടില്ല, അപൂർവമായിട്ടാണെങ്കിലും തല്ലിയിട്ടുള്ളത് വേദനിപ്പിക്കാതെയുള്ള ഒരു തല്ലലുണ്ടല്ലോ, പേടിപ്പെടുത്താനുള്ള തല്ലൽ.

അമ്മേന്ന് വിളിച്ചിട്ട്, മുതുകത്ത് രണ്ട് തടവും തടവിയിട്ട് ഒരു ഉമ്മയും കൊടുത്താൽ അമ്മേടെ എല്ലാ വിഷമവും മാറും. അമ്മ നന്നായിട്ട് പാചകം ചെയ്യുമായിരുന്നു. അമ്മയുടെ പാചകത്തെപ്പറ്റി, സിനിമയിലെ സുഹൃത്തുക്കൾക്കൊക്കെ അറിയാം. സ്നേഹിതനായ ഒരു നടൻ അമ്മയോട് പാചകത്തെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ വരെ പറഞ്ഞിട്ടുണ്ട്, അമ്മ അതെല്ലാം കേട്ട് ചിരിക്കും.

അമ്മ എന്നും ഒരു അനുഭവംതന്നെയാണ്, ഓർമയാണ്. അച്ഛന്റെ മരണവും ചേട്ടന്റെ മരണവും ഒരുപക്ഷേ, പ്രതീക്ഷിച്ചതായിരുന്നുവെന്ന് പറയാം, രണ്ടുപേരും രോഗബാധിതരായിരുന്നു. അമ്മയുടെ അങ്ങനെയായിരുന്നില്ല. പെട്ടെന്നൊരു പോക്കായിരുന്നു. കായംകുളം കൊച്ചുണ്ണി റിലീസാകുന്നതിന് ഒരു മാസം മുമ്പാണ് അമ്മ ഞങ്ങളെ വിട്ടുപോകുന്നത്. ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അനുഭവമാണ് ഇന്നും അത്. അമ്മയില്ലാണ്ടായപ്പോഴാണ് അമ്മയുടെ വില എന്താണെന്ന് ഞാൻ കൂടുതൽ മനസ്സിലാക്കുന്നത്. അമ്മയുള്ളപ്പോഴും മനസ്സിലാക്കിയിട്ടുണ്ടെങ്കിലും, അത് ഇല്ലാതാകുമ്പോഴാണ് നമ്മൾ ഏറ്റവും കൂടുതൽ അറിയുന്നത്. എല്ലാ ദിവസവും പള്ളിയിൽ പോവുകയും പ്രാർഥിക്കുകയും ചെയ്യുന്ന ശീലമുണ്ടായിരുന്നു അമ്മച്ചിക്ക്. അമ്മച്ചിയുടെ പ്രാർഥനയുടെ ഫലമായിരിക്കും, ജീവിതത്തിലെ നേട്ടങ്ങളും സന്തോഷങ്ങളും എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അമ്മയെന്റെ ശക്തിതന്നെയായിരുന്നു. എന്റെ എല്ലാ പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും ആശ്വാസം ലഭിക്കാൻ അമ്മയുടെ അടുത്ത് ഒരു അഞ്ച് മിനിറ്റിരുന്നാൽ മതിയായിരുന്നു.

പലരും ഇന്ന് സ്വന്തം അച്ഛനെയും അമ്മയെയും തിരിഞ്ഞുനോക്കാതെ മറ്റുപല കാര്യങ്ങൾക്കുവേണ്ടി മാറുന്നത് കാണുമ്പോൾ വേദനയാണ്. ലോകത്ത് എനിക്ക് ഏറ്റവും ശത്രുത തോന്നുന്ന വ്യക്തികൾ ആരാന്ന് ചോദിച്ചാൽ അച്ഛനെയും അമ്മയെയും നോക്കാത്തവരാണ്. അവർ എന്റെ സുഹൃദ്വലയത്തിൽ ഉൾപ്പെടാതിരിക്കാൻ ഞാൻ മനഃപൂർവം ശ്രമിക്കാറുണ്ട്. കാരണം അപ്പനമ്മമാരാണ് ലോകത്തെ ഏറ്റവും വലിയ നിധിയെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!