ദിലീപ് നായകനായി 2017-ൽ പുറത്തിറങ്ങിയ ചിത്രമാണ് രാമലീല. ഈ ചിത്രത്തിലൂടെയാണ് അരുൺ ഗോപി സംവിധായകനായി മലയാള ചലച്ചിത്ര ലോകത്തു കടന്നുവരുന്നത്. ഇപ്പോളിതാ മാതൃദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി വന്നിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി.
അരുൺ ഗോപിയുടെ കുറിപ്പ് ;
ഒരിക്കൽ ഒരു ഓൾഡേജ് ഹോമിൽ മാതൃദിനത്തിൽ അഥിതിയായി ഞാൻ പോയിരുന്നു. ‘അമ്മ എന്നും മനസ്സിലൊരു സ്നേഹവികാരമായതു കൊണ്ട് മാതൃ ദിനം അത് ഒരു വികല ചിന്തയാണെന്നും അതിന്റെ ആവശ്യമില്ലാന്നും എല്ലാ ദിനവും മാതൃ ദിനമാണെന്നുള്ള വികാര നിർഭരമായ വാക്കുകൾ ഞാൻ ഒഴുക്കി വിട്ടു! കുറെ പേർ കൈയടിച്ചു ആ കൈയടിയിൽ ഞാൻ എന്നെ തന്നെ അഭിനന്ദിച്ചു…
എല്ലാം കഴിഞ്ഞു കേക്ക് ഒക്കെ കട്ട് ചെയ്തു അമ്മമാരോടും ആ അച്ഛന്മാരോടുമൊക്കെ ഒപ്പമുള്ള ഊണും കഴിഞ്ഞു ഇറങ്ങാൻ നിൽക്കുമ്പോൾ കാറിനടുത്തേക്ക് ഒരമ്മ ഒരു ചെടിയുമായി വന്നു “മോനെ ഇതു വീട്ടിൽ വെച്ചോളൂ നല്ല പൂവാ എന്ന് പറഞ്ഞു സ്നേഹത്തോടെ നൽകി…. എനിക്കും സന്തോഷം!! എന്റെ അമ്മപ്രസംഗത്തിന്റെ അഭിനന്ദന ചെടിയായി ഞാൻ മനസ്സിൽ സ്വീകരിച്ചു തിരിയവേ.. ആ അമ്മ പറഞ്ഞു…
“എന്റെ മകൻ കാനഡയിലാ ഫാമിലി ആയിട്ട്” ഞാൻ ഒന്ന് വിളറി ചിരിച്ചു “ഞാനും അവിടെ ആയിരുന്നു, മോന്റെ രണ്ടുകുട്ടികളും ഡേകെയറിൽ പോകുന്നതുവരെ. ഇപ്പോൾ ഇവിടെ അഞ്ചു വർഷം ആകാറായി, മോനിന്നു പറഞ്ഞില്ലേ… ഈ ദിവസം.. mother’s day.. അത് ഒഴിവാക്കാനുള്ളതല്ല… എന്റെ മോൻ എന്നെ വിളിക്കുന്ന ഒരേ ഒരു ദിവസം ഇതാണ്!! ഇങ്ങനെയുള്ള അമ്മമാർക്ക് വേണ്ടി ആണെങ്കിലോ ഈ ദിവസം!!” കണ്ണ് നിറഞ്ഞല്ല ഒരു ചെറു ചിരിയോടെ ആ ‘അമ്മ അത് പറഞ്ഞു പോയി!!
എന്നെയും എന്റെ ചിന്തകളെയും ചവറ്റുകുട്ടയിൽ വലിച്ചെറിയാൻ തോന്നിയ നിമിഷം..! മാതൃദിനമെന്തിനാ എന്നുള്ള എന്റെ ചോദ്യത്തിന് ഉത്തരമായിരുന്നു ഇന്ന് ഞാൻ അമ്മിയമ്മ എന്ന് വിളിക്കുന്ന ആ അമ്മയുടെ വാക്കുകൾ!!
പറഞ്ഞു വന്നത് ഒരുപാട് അമ്മമാരുടെ സ്നേഹവും പ്രാർത്ഥനയും കിട്ടിയ മകനാണ് ഞാൻ… എന്റെ അമ്മയ്ക്കൊപ്പൊമുള്ള ചിത്രമാണ് പങ്കുവെച്ചതെങ്കിലും എന്റെ… നമ്മുടെ.. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ..