”ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്തിനാണ് ആവശ്യമില്ലാത്ത വാക്കുകളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നത്…” പ്രതികരണവുമായി അനുശ്രീ

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിട്ടുള്ള താരമാണ് നടി അനുശ്രീ. താരത്തിന്‍റെ ലോക്ക്ഡൗണിലെ ഫോട്ടോകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. കഴിഞ്ഞ ദിവസം അനുശ്രീ പങ്കുവച്ച പോസ്റ്റും വെെറലായിരുന്നു. തന്റെ തലയില്‍ മസാജ് ചെയ്തു തരുന്ന സഹോദരന്റെ ചിത്രമായിരുന്നു താരം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നത്. മനോഹരമായ ചിത്രം ആങ്ങളയും പെങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവാണ്. എന്നാല്‍ ചിത്രത്തിന് കിട്ടിയ ചില കമന്റുകള്‍ വളരെ മോശമായിരുന്നുവെന്ന് അനുശ്രീ പറയുകയുണ്ടായി. അവയ്ക്ക് മറുപടിയുമായെത്തിരിക്കുകയാണ് താരം ഇപ്പോൾ. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയായിരുന്നു അനുശ്രീയുടെ പ്രതികരണം അറിയിച്ചത്.

അനുശ്രീയുടെ വാക്കുകൾ ;-

എല്ലാവരും വീട്ടിലായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഒരുപാട് നാളുകൾക്കു ശേഷം എല്ലാവർക്കും കുടുംബത്തോടൊപ്പം വീട്ടിലിരിക്കാൻ പറ്റിയ സമയമാണ് ഇപ്പോൾ കടന്നു പോകുന്നത്. വളരെ നാളുകൾക്കു ശേഷമാണ് ഞാനും ഇത്ര അധികം ദിവസം വീട്ടിലിരിക്കുന്നത്. വീട്ടിലിരുന്ന് കുറച്ച് ജോലികളൊക്കെ ചെയ്യാൻ സാധിച്ചു. അല്ലെങ്കിൽ അമ്മയാണ് ഇതൊക്കെ ചെയ്തു കൊണ്ടിരുന്നത്.

കഴിഞ്ഞ ദിവസം ചേട്ടൻ എന്റെ തലയിൽ ക്രീം ചെയ്യുന്നതിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്തിരുന്നു. എല്ലാ ചേട്ടന്മാരും അനിയത്തിമാർക്ക് തലയിൽ എണ്ണ തേച്ചുകൊടുക്കാറുണ്ട്. അങ്ങനെ വളർന്നുവന്ന ആളാണ് ഞാൻ. ജനിച്ചപ്പോഴെ സിനിമാനടിയായി വന്നതല്ല. ആങ്ങളമാർ ഉള്ള പെങ്ങൾക്കും പെങ്ങന്മാരുള്ള ആങ്ങളയ്ക്കും അറിയാവുന്ന കാര്യമാണ്. കുറേ ആളുകൾ ഈ വീഡിയോ കാണുന്നതിനു കാരണം ഞാനൊരു സെലിബ്രിറ്റി ആയതു കൊണ്ടാകാം.

ഞങ്ങൾ അങ്ങനെ ചെയ്തു കൊണ്ടിരുന്നപ്പോൾ ഒരു ഫോട്ടോ എടുത്തു. പിന്നീട് അത് ഫോണിൽ കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി. അങ്ങനെയാണ് പേജിൽ പോസ്റ്റ് ചെയ്യുന്നത്. അതിൽ വന്ന കുറച്ച് മെസേജുകൾ എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല. വേദനിപ്പിച്ചെന്നും പറയാൻ പറ്റില്ല. ആങ്ങളയും പെങ്ങളും അല്ലേ എന്ന് വിചാരിച്ചെങ്കിലും ആളുകൾ മിണ്ടാതിരിക്കണം. ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്തിനാണ് ആവശ്യമില്ലാത്ത വാക്കുകളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നത്. ഇഷ്ടപ്പെടാത്ത കുറച്ച് ആളുകൾക്ക് നേരിട്ട് മെസേജ് അയക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു ലൈവിലൂടെ മറുപടി പറയാമെന്ന് വിചാരിച്ചത്.

ഒരാളുടെ കമന്റ് ഇങ്ങനെ, ‘അനിയത്തി പൈസ ഉണ്ടാക്കുന്നു, ചേട്ടന് അവിടെ നിന്നും പൈസ ലഭിക്കുന്നു.’ ഇതിനുള്ള മറുപടി പറയാം. ഞാൻ കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ ചേട്ടന് നൽകുന്നതിൽ എന്താണ് പ്രശ്നം. ഇവിടെ ചേട്ടൻ അനിയത്തി എന്നതിലുപരി ഞങ്ങൾ ഒരു കുടുംബമാണ്. അതിൽ അച്ഛൻ അമ്മ എല്ലാവരും ചേരുന്നതാണ്. അതിൽ ഓരോരുത്തരുടെ പൈസ എന്ന വ്യത്യാസമില്ല. എന്റെ ചേട്ടന് ജോലിയുണ്ട്. പൈസ ഉണ്ടാക്കുന്നുമുണ്ട്. ഇനി ഇല്ലെങ്കിൽ ഞാൻ കൊടുക്കും. എനിക്ക് പൈസ ഇല്ലെങ്കിൽ എന്റെ ചേട്ടൻ തരും. താക്ങളുടെ വീട്ടിൽ അങ്ങനെയൊരു സംസ്കാരം ഇല്ലാത്തതു കൊണ്ടാകാം ഇങ്ങനെ തോന്നിയത്.

ആങ്ങളയും പെങ്ങളും അത്രയും സ്നേഹത്തോടെ ജീവിച്ച് വളർന്നവർ ഇതുപോലെയുള്ള കമന്റുകൾ പറയില്ല. മോശം മെസേജുകൾ കണ്ട് വിഷമം വന്നതു കൊണ്ടാണ് പെട്ടന്നു തന്നെ ലൈവിൽ വന്ന് മറുപടി പറയാൻ തീരുമാനിച്ചത്. അല്ലെങ്കിൽ അതൊരു മനപ്രയാസമായേനെ. എന്തിനാണ് വൃത്തികെട്ട വാക്കുകൾ ഉപയോഗിക്കുന്നത്. അതൊരു ആങ്ങളുടെയും പെങ്ങളുടെയും ചിത്രമാണെന്നെങ്കിലും ഓർക്കണ്ടേ. എന്റെ ചേട്ടൻ തലയിൽ ഒരു ക്രീം ഇട്ടു തരുന്നതിന് എന്താണ് ഇത്ര നെഗറ്റീവ്. ചേട്ടനെക്കുറിച്ച് മോശം പറയുന്നത് ഇഷ്ടമല്ല. കുടുംബത്തുള്ളവരെക്കുറിച്ച് വെറുതെ അങ്ങനെ ചീത്ത പറയരുത്. നിങ്ങൾ എന്നെചീത്ത പറഞ്ഞോളൂ.

ഇവളെ പോലെ ഓവ‍ര്‍ ആക്ടിങ് കൊണ്ടു വെറുപ്പിക്കുന്ന വേറൊരു നടി സിനിമയിലില്ല, ജീവിതത്തിലും അങ്ങനെയാണെന്ന് തോന്നുന്നു. ഇതായിരുന്നു മറ്റൊരു കമന്റ്. ഇത് ചിലപ്പോള്‍ ശരിയായിരിക്കാം. താന്‍ സിനിമയില്‍ വന്നിട്ട് എട്ട് വര്‍ഷമായി. എട്ട് വര്‍ഷത്തിനിടെ പല സംവിധായകര്‍ക്കും മനസിലായികാണും താന്‍ ഓവര്‍ ആക്ടിങ് ആണെന്ന്. ആ ഓവ‍ര്‍ ആക്ടിങ് കൊടുക്കേണ്ട കഥാപാത്രമായത് കൊണ്ടാകും അവരെന്നെ സിനിമയിലേക്ക് വിളിക്കുന്നതെന്നും അനുശ്രീ പറഞ്ഞു. ജീവിതത്തില്‍ ഞാന്‍ ഓവര്‍ ആക്ടിങ് ആണെന്ന് പറയാന്‍ നമ്മള്‍ തമ്മില്‍ പരിചയമില്ലല്ലോയെന്നും അനുശ്രീ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!