പഴയൊരു ചാനല്‍ അഭിമുഖത്തില്‍ താന്‍ പറഞ്ഞ അഭിപ്രായത്തിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി നടി സരയു. വര്‍ഷങ്ങളുടെ ഇടവേളയില്‍ തന്റെ കാഴ്ചപ്പാടുകളില്‍ ഒരുപാടു മാറ്റങ്ങള്‍ സംഭവിച്ചെന്നും താന്‍ തന്നെ മറന്നുപോയ ഒരു കാലത്തെ വാക്കുകളോടാണ് മറ്റുള്ളവര്‍ കലഹിച്ചുകൊണ്ടിരിക്കുന്നതെന്നും സരയു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സ്ത്രീ പുരുഷന് ഒരു പടിക്കു താഴെ നില്‍ക്കുന്നതാണ് തനിക്കിഷ്ടമെന്നും അങ്ങനെയുള്ളിടത്ത് പ്രശ്നങ്ങള്‍ കുറവാണെന്നുമാണ് പഴയൊരു അഭിമുഖത്തില്‍ സരയു പറഞ്ഞത്. ഈ വീഡിയോയുടെ ക്ലിപ്പിംഗ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒപ്പം സരയുവിനുനേരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. നിലപാട് അറിയിച്ചിട്ടും തുടരുന്ന വിമര്‍ശനങ്ങളോടാണ് നടി പ്രതികരണമറിയിച്ചത്.