വെറും ഒരാഴ്ച്ച സമയം കൊണ്ടാണ് അര്ജുന് സുന്ദരേശന് എന്ന മലയാളി യൂട്യൂബര്‍ ഇന്റര്‍നെറ്റില്‍ തരംഗമായത്. ടിക്ടോക്ക് താരങ്ങളെ റോസ്റ്റ് ചെയ്ത് അതിനോടുള്ള പ്രതികരണം വളരെ സ്വാഭാവികതയോടെ അവതരിപ്പിച്ചാണ് അര്ജുന് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. ഇംഗ്ലീഷ് ഭാഷയില്‍ വളരെയധികം പ്രശസ്തമായ റോസ്റ്റിങ്-റിയാക്ഷന് വീഡിയോകളില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ഈ ആശയം മലയാളത്തില്‍ അര്ജുന് അവതരിപ്പിച്ചത്. മലയാളത്തില്‍ അത്രകണ്ട് പരിചയിച്ചിട്ടില്ലാത്ത റോസ്റ്റിങ് പെട്ടെന്ന് തന്നെ ഇന്റര്‍നെറ്റില്‍ കൊളുത്തുകയായിരുന്നു. യൂട്യൂബില്‍ ആരും ചെയ്യാത്ത നല്ല ഉള്ളടക്കം പോസ്റ്റ് ചെയ്യുകയാണെങ്കില്‍ ആര്‍ക്കും ഇപ്പോള്‍ താന്‍ എത്തിപിടിച്ച ഈ സെലിബ്രറ്റി സ്റ്റാറ്റസില്‍ എത്തിചേരാമെന്ന് അര്ജുന് പറയുന്നു.
ലോക്ക് ഡൌണ്‍ കാലത്ത് സജീവമാക്കിയ തന്റെ Arjyou എന്ന യൂട്യൂബ് അക്കൌണ്ടിന് തുടക്കത്തില്‍ വളരെ ചുരുക്കം കാഴ്ച്ചക്കാര്‍ മാത്രമേയുണ്ടായിരുന്നുള്ളുവെന്ന് അര്ജുന് പറഞ്ഞു. ആദ്യ വീഡിയോകളൊന്നും ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ടിക്ടോക് താരങ്ങളെ ‘പൊരിച്ചുള്ള’ ഭാഗം സൂപ്പര്‍ ഹിറ്റാവുകയായിരുന്നു. തുടക്കത്തില്‍ പല വീഡിയോകള്‍ക്കും 250-300 കാഴ്ച്ചക്കാരായിരുന്നെന്നും ടിക്ടോക്ക് ലക്ഷ്യമാക്കി റോസ്റ്റിങ് തുടങ്ങിയതില്‍ പിന്നെയാണ് വൈറലായതെന്നും അര്ജുന് പറഞ്ഞു. ടിക്ടോക് താരങ്ങളുടെ വിവിധ വീഡിയോകള്‍ കണ്ടുള്ള പൊരിക്കലിലൂടെ വീഡിയോകള്‍ ജനകീയമാവുകയും അത് യൂട്യൂബില്‍ സബ്സ്ക്രൈബേഴ്സ് വര്ധിക്കുന്നതിലെത്തുകയും ചെയ്യുകയായിരുന്നു. യൂട്യൂബിന് പിറകെ ഇന്‍സ്റ്റാഗ്രാമിലും വലിയ ആരാധക പിന്തുണയാണ് അര്ജുന് ഉള്ളത്. നിരവധി ആരാധക അക്കൌണ്ടുകളും വ്യാജ അക്കൌണ്ടുകളും വൈറലായതോടെ അര്‍ജുന്റെ പേരില്‍ പിറവിയെടുത്തു.