സംവിധായകന് മിഷ്കിനും നടന് അരുണ്‍ വിജയും ഒരു ആക്ഷന്‍ ത്രില്ലറിനായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണിന് മുന്‍പ് ചിത്രീകരണം തീരുമാനിച്ച നടന് ചിമ്പു നായകനാക്കുന്ന സിനിമ മാറ്റി വെച്ചിട്ടാണ് മിഷ്കിന് അരുണുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്.
ഇരുവരും തിരക്കഥ ചര്‍ച്ചചെയ്തു കഴിഞ്ഞുവെന്നാണ് വിവരം. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ വീഡിയോ കാളിലൂടെയും ഫോണിലൂടെയുമാണ് ചര്‍ച്ചകള്‍ നടന്നതെന്നും ഇവരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മുഴുനീള ആക്ഷനുള്ള മാസ് ത്രില്ലറാണ് വരാന്‍ പോകുന്നതെന്നും പറയുന്നു. എന്നാല്‍ മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല.
അരുണ്‍ വിജയുടെ മൂന്ന് സിനിമകളാണ് ലോക്ക്ഡൗണിന് ശേഷം റിലീസ് കാത്തിരിക്കുന്നത്. ബോക്സര്‍, അഗ്നി സിറഗുകള്‍, സിനം എന്നിവയാണ് ഇറങ്ങാനിരിക്കുന്ന മൂന്ന് സിനിമകള്‍. അരിവഴഗന്റെ സിന്ദാബാദിലാണ് അരുണ്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു ശേഷമാകും മിഷ്കിന്റെ സിനിമയില്‍ ചേരുക. ഇതെല്ലാം ലോക്ക്ഡൗണിന് ശേഷമായിരിക്കുമെന്നാണ് അണിയറയില്‍ നിന്നുള്ള വിവരം.
ചിമ്പു ഇപ്പോള്‍ ‘മാനാട്’ എന്ന സിനിമയുടെ തിരക്കിലായതാണ് മിഷ്കിന് സിനിമ മാറ്റി വെയ്ക്കാനുള്ള കാരണം. ചിമ്പുവിന്റെ സിനിമയില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ധിക്കിയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും സൂചനയുണ്ട്.
ഉദയനിധി സ്റ്റാലിന്, അതിഥി റാവു ഹൈദരി, നിത്യ മേനേന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സൈക്കോയാണ് മിഷ്കിന്റെ അവസാനം ഇറങ്ങിയ സിനിമ. സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയുടെ തിരക്കഥയും മിഷ്കിന് തന്നെയാണ് എഴുതിയിരിക്കുന്നത്.