‘ലോക്ക്ഡൗണ്‍’ നവാഗതനായ സൂരജ് സുബ്രമണ്യൻ സംവിധാനം ചെയ്യുന്ന ചലച്ചിത്രം

ലോക്ക് ഡൗൺ ആസ്പദമാക്കി ‘ലോക്ക്ഡൗണ്‍’ എന്ന പേരില്‍ മലയാള ചലച്ചിത്രം ഒരുങ്ങുന്നു. നവാഗതനായ സൂരജ് സുബ്രമണ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ റോഡ്മൂവിയായാണ് ചിത്രം ഒരുക്കുന്നത്. വൈറസ്, കണ്ടിജിയന്‍, ഫ്‌ളു തുടങ്ങിയ സിനിമകള്‍ പോലെയായിരിക്കില്ല ചിത്രമെന്ന് സംവിധായകന്‍ പറയുന്നു.

ആക്ഷനും കോമഡിയും ത്രില്ലിംഗും നിറഞ്ഞ എന്റര്‍ടെയിനറായിരിക്കും ചിത്രം. കൊറോണ വ്യാപനത്തിനെ ചെറുക്കാനായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍, അതില്‍പെട്ടു പോകുന്ന ഒരു ഡോക്ടറിലൂടെയും അദ്ദേഹത്തിന്റെ സഹയാത്രകനിലൂടെമാണ് കഥ പുരോഗമിക്കുന്നത്. ഒരു മുഴുനീള റോഡ്മൂവിയായ ലോക്ക്ഡൗണ്‍, യാത്രക്കിടയിലെ സംഭവവികാസങ്ങളിലൂടെയെല്ലാം കടന്നുപോകുന്നു.

ഷൂട്ടിംഗ് രാത്രിയിലായതിനാല്‍ പൊതുജനസമ്പര്‍ക്കം ഒഴിവാക്കാനാകും. രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍, കുറച്ചു കൂടെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന്‍ സൂരജ് പറഞ്ഞു.

‘ഒരു മഹാമാരിയെ പാടെ പകര്‍ത്താനുള്ള ശ്രമമല്ല ‘ലോക്ഡൗണി’ലൂടെ ശ്രമിക്കുന്നത്. ഇതൊരു റോഡ്മൂവിയാണ്. ആക്ഷനും ഹാസ്യവും എല്ലാം ഉള്‍പെടുത്തിയിട്ടുള്ള ചിത്രമാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ റോഡിലകപ്പെട്ടുപോകുന്ന കുറച്ചുപേരുടെ ജീവിതമാണ് ചിത്രത്തിലൂടെ വരച്ചിടാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹര്‍ത്താലിനെപ്പറ്റിയുള്ള ഒരു ചിത്രം ചെയ്യാന്‍ കഴിഞ്ഞ കുറച്ചുകാലമായി ആലോചനയുണ്ടായിരുന്നു. അതുമായി മുന്നോട്ടുപോകുമ്പോഴാണ് കൊറോണയും രാജ്യത്തും ലോകത്തും ലോക്ക്ഡൗണും നടക്കുന്നത്. ഹര്‍ത്താലിന്റെ പതിന്മടങ്ങ് വ്യാപ്തിയുള്ള ലോക്ക്ഡൗണ്‍ ലോകത്ത് സംഭവിക്കുമ്പോള്‍, ഹര്‍ത്താല്‍ എന്നതിലേക്കുമാത്രമായി ചുരുങ്ങുന്നതിന്റെ അനൗചിത്യം കണക്കിലെടുത്താണ് ചിത്രം ലോക്ക്ഡൗണാക്കി മാറ്റിയത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ കോമഡിയും ആക്ഷനുമുള്ള ഒരു ത്രില്ലറായിരിക്കും ലോക്ക്ഡൗണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!