പ്രേമത്തിലെ മേരിയായി മലയാള ചലച്ചിത്ര പ്രേമികളുടെ ഹൃദയത്തില്‍ എത്തിയ താരമാണ് അനുപമ പരമേശ്വരന്. അരങ്ങേറ്റ സിനിമ തന്നെ ഹിറ്റായതോടെ അനുപമയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞു. ഇപ്പോളിതാ സഹസംവിധായികയായി വർക്ക് ചെയ്യണം എന്ന തന്റെ ആഗ്രഹത്തെ പറ്റിയും അത് നിറവേറിയ കഥയെപ്പറ്റിയും മനസ് തുറക്കുകയാണ് താരം.
തന്റെ ആഗ്രഹം താൻ ആദ്യമായി പങ്കുവെച്ചത് ദുൽഖർ സൽമാനോട് ആയിരുന്നു. പ്രേമം ചെയ്തുകൊണ്ടിരുന്നപ്പോൾ തന്നെ അൽഫോൺസ് പുത്രനോട് അടുത്ത സിനിമയിൽ തന്നെ അസിസ്റ്റന്റ് ആയി ചേർക്കാമോ എന്ന് താൻ ചോദിച്ചിരുന്നു. എന്നാൽ അത് സാധിച്ചില്ല. അടുത്ത ചിത്രം മണിയറയിലെ അശോകൻ ആയിരുന്നു. അതിന്റെ ഷൂട്ട് തുടങ്ങി എട്ട് ദിവസം ആയപ്പോൾ അനുപമ തന്റെ ആഗ്രഹം വീണ്ടും പറഞ്ഞു.
രണ്ടാമതൊന്നു ആലോചിക്കാതെ ദുൽഖർ സൽമാൻ പറഞ്ഞത് ഇങ്ങനെയാണ്.’വൈ നോട്ട്? കം ജോയിന്‍’. പിറ്റേന്ന് മുതല്‍ ഞാന്‍ പുതിയ റോളിലായി. കാരവാനില്ല, കുടയില്ല, തനി എഡി പണി. ഫീല്‍ഡില്‍ നിന്ന് ആളെ മാറ്റലും, സ്ക്രിപ്റ്റ് ചെക്ക് ചെയ്യലും ക്ലാപ്പടിക്കലും അടക്കം എല്ലാ ജോലിയും ചെയ്തു. ടീമിലെല്ലാവരും പുതിയ ആള്‍ക്കാരായിരുന്നു.
നിറയെ ചെറുപ്പക്കാര്‍. അതുകൊണ്ട് ഒന്നിച്ച് പഠിക്കുകയായിരുന്നു ഞങ്ങളെല്ലാം.ക്രൂ താമസിക്കുന്നിടത്ത് തന്നെയാണ് ഞാനും താമസിച്ചത്. കൂടുതല്‍ സൗകര്യങ്ങള്‍ എടുക്കാതിരുന്നത് അസിസ്റ്റന്റ് ഡയറക്ടര്‍ ജീവിതം ശരിക്കും ആസ്വദിച്ച് പഠിക്കണം എന്ന ആഗ്രഹം കൊണ്ടാണ്’.