ടിഎംടി വിഡിയോ പരമ്പര ‘ ഉള്‍ക്കരുത്തിന്റെ കഥകള്‍’

കൊച്ചി:കൊറോണ വൈറസ് ഭീതിയില്‍ പ്രതീക്ഷകള്‍ അസ്തമിച്ചുവെന്ന് കരുതുന്നവര്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും പകരുവാന്‍ കിളിമഞ്ചാരോ പര്‍വ്വതം കീഴടക്കിയ ഭിന്നശേഷിക്കാരനായ മലയാളി യുവാവിന്റെ ജീവിത കഥയുമായി കള്ളിയത്ത് ടിഎംടിയുടെ വീഡിയ പരമ്പര ‘ഉള്‍ക്കരുത്തിന്റെ കഥകള്‍’. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരും വേണ്ടത്ര ശ്രദ്ധിക്കാതെ പോയവര്‍ക്കും പിന്തുണ നല്‍കുക, വെല്ലുവിളികള്‍ അതിജീവിച്ചവര്‍ക്ക് പ്രചോദനമാവുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സ്റ്റീല്‍ രംഗത്തെ പ്രമുഖരായ കള്ളിയത്ത് ടി എം ടി വീഡിയോ പരമ്പര ആവിഷ്‌കരിക്കുന്നത്.

ഒമ്പതാം വയസില്‍ അര്‍ബുദത്തെ തുടര്‍ന്ന് ഇടത്തേ കാല്‍ മുറിച്ചുമാറ്റേണ്ടി വന്ന നീരജ് ജോര്‍ജ്ജിന്റെ ജീവിതകഥയാണ് ‘ ഉള്‍ക്കരുത്തിന്റെ കഥകള്‍’ എന്ന വീഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ പറയുന്നത്. ആലുവ സ്വദേശിയായ മേജര്‍ പ്രഫസര്‍ സി.എം. ബേബിയുടെയും ഷൈലയുടെയും മകനായ നീരജ് നിരന്തര പരിശീലനത്തിലൂടെ വെല്ലുവിളികളെ അതിജീവിച്ചു കരസ്ഥമാക്കിയ നേട്ടങ്ങളാണ് ഈ വീഡിയോയില്‍ ചുണ്ടികാണിക്കുന്നത്.

ഒരു കാല്‍ നഷ്ടപ്പെട്ടിട്ടും വിധിക്ക് മുമ്പില്‍ തോല്‍ക്കാതെ പൊരുതിയ നീരജ് 2019 ല്‍ 32-ം വയസില്‍ ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന പര്‍വ്വതമായ കിളിമഞ്ചാരോ കയറി, മനക്കരുത്താണ്‌ ഏറ്റവും വലിയ ഊര്‍ജ്ജമെന്ന് തെളിയിച്ചു. 2015 ഇൽ ജർമനിയിൽ നടന്ന പാരാബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തതും, 2012 ലെ ഓപ്പൺ പാരാബാഡ്മിന്റണിലെ സ്വർണ മെഡൽ നേട്ടവും അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെ ഉദാഹരണങ്ങൾ ആണ്. കിളിമഞ്ചാരോ കീഴടക്കിയപ്പോള്‍ നീരജ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ- ‘’ 5 വര്‍ഷത്തെ എന്റെ സ്വപ്നം സഫലമാക്കി, എല്ലാ ഭിന്നശേഷിക്കാര്‍ക്കും വേണ്ടി. ഏറെ വേദന സഹിച്ചു.

ഒറ്റക്കാലില്‍ ജീവിക്കുന്നവര്‍ക്കും ഇനി എല്ലാ സ്വപ്നങ്ങളും കാണാം.’’

ലോക്ഡൗണ്‍ മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്കും കൊറോണ രോഗഭീതിയില്‍ കഴിയുന്നവര്‍ക്കും ശുഭാപ്തി വിശ്വാസം പകര്‍ന്നു നല്‍കുകയാണ് ഭിന്നശേഷിക്കാരനായ ആലുവ സ്വദേശി നീരജിന്റെ ജീവിത വിജയം. നീരജ് വിധിയെ തോല്‍പ്പിച്ച പോലെ, പ്രതിരോധത്തിലൂടെ, സാമൂഹിക അകലം പാലിച്ച് ജാഗ്രതയോടെ മുന്നേറിയാല്‍ ഈ കൊറോണ വൈറസ് കാലത്തെയും മറികടന്ന് പുതു ജീവിതം നമുക്കും സൃഷ്ടിക്കാനാകും. സ്റ്റീല്‍ നിര്‍മ്മാണ രംഗത്ത് 90 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള കള്ളിയത്ത് ടിഎംടി നിരവധി സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. കമ്പനി പുറത്തിറക്കിയ ആദ്യ വീഡിയോയില്‍ വെല്ലുവിളികളെ അതിജീവിച്ച് നേട്ടങ്ങള്‍ കൈവരിച്ച മജീസിയ ബാനുവിന്റെ അനുഭവങ്ങളായിരുന്നു പറഞ്ഞിരുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയയിൽ നിരവധിപ്പേര്‍ വീഡിയോ കണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!