കന്നഡ നടൻ ചിരഞ്ജീവി സർജ (39) അന്തരിച്ചു. ഇന്ന് വൈകുന്നേരമായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചത്. ബെംഗളൂരുവിലെ ജയനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന വൈകുന്നേരം മരണത്തിന് കീഴടങ്ങുകയായിരുന്നു. ചിരഞ്ജീവി സർജയുടെ നിര്യാണം കന്നഡ ചലച്ചിത്രമേഖലയിലെ ആരാധകർക്കും താരങ്ങൾക്കും വലിയ ഞെട്ടലുണ്ടാക്കി. അദ്ദേഹത്തിൻറെ ഭാര്യ നടിയായ മേഘ്ന രാജ് ആണ്.
നടൻ ധ്രുവ സർജയുടെ ജ്യേഷ്ഠനും ആക്ഷൻ കിംഗ് അർജുൻ സർജയുടെ അനന്തരവനും ആയിരുന്നു. ഇതിഹാസ കന്നഡ നടൻ ശക്തി പ്രസാദിന്റെ ചെറുമകനുമായിരുന്നു ചിരഞ്ജീവി സർജ. ചിരഞ്ജീവി സർജ 2009 ൽ വായുപുത്രയിലൂടെ അഭിനയരംഗത്തെത്തി. ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗതനായ (പുരുഷന്) ഇന്നൊവേറ്റീവ് ഫിലിം അവാർഡ് ലഭിച്ചു. ചിരു, ചന്ദ്രലേഖ, ആതഗര, രാം-ലീല, അമ്മ ഐ ലവ് യു എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്. 2020 മാർച്ച് 12 ന് പുറത്തിറങ്ങിയ ശിവാർജുനയിലാണ് താരം അവസാനമായി അഭിനയിച്ചത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ ചിത്രം തിയേറ്ററുകളിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു.