മുംബൈ: സുശാന്ത് സിങ് രാജ്പുതിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമ ലോകം ഒന്നടങ്കം. എന്നാൽ അതേസമയം, സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയന്‍ ജീവനൊടുക്കി ആറാം ദിവസമാണ് നടനെയും മരിച്ചനിലയില്‍ കണ്ടെത്തിയതെന്നത് സംഭവത്തിൽ ദുരൂഹത ജനിപ്പിക്കുന്നു. ജൂണ്‍ എട്ടിനാണ് സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മലാദിലെ കെട്ടിടത്തിലെ 14-ാം നിലയില്‍ നിന്ന് യുവതി ചാടുകയായിരുന്നു ചെയ്തത്. അപകടമരണത്തിനാണ് പോലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തതും. എന്നാല്‍ സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് ഇപ്പോൾ നൽകിയിരിക്കുന്ന സൂചന.
ദിശയുടെ മരണവിവരമറിഞ്ഞ് സുശാന്ത് സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ മരണത്തിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് സുശാന്ത് സിങ് രാജ്പുതിനെയും മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നതും. മുംബൈ ബാന്ദ്രയിലെ വസതിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുന്നത്.
എന്നാൽ അതേസമയം, നടന്റെ മരണത്തിൽ പലതരത്തിലുള്ള അഭ്യൂഹങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. മരിക്കുന്നതിന് തൊട്ട് മുൻപ് താരം അവസാനമായി വിളിച്ചിരിക്കുന്നത് സുഹൃത്തിനെയാണെന്ന് ടൈംസ്നൗ റിപ്പോർട്ട് ചെയ്തിരിക്കുന്നു. വിളിച്ചത് ബോളിവുഡിൽ നിന്നുള്ള ആളെയാണെന്നും റിപ്പോർട്ടിൽ വ്യക്തമാകുന്നു. എന്നാൽ അതാരാണെന്ന് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതെസമയം, താരത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും കഴിച്ചിരുന്ന മരുന്നുകളെക്കുറിച്ചും വിശദമായി പൊലീസ് അന്വേഷിക്കുന്നു. ഇതിനായി പൊലീസ് സുശാന്തിന്റെ ഡോക്ടറിനെ സമീപിച്ച് മൊഴിയെടുക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകൾ ലഭിക്കുന്നു.