മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗ വാര്‍ത്തയുടെ ഞെട്ടൽ മാറും മുമ്പ് ബോളിവുഡ് സിനിമാ ലോകത്ത് വീണ്ടുമൊരു മരണം കൂടി. മുന്‍കാല ബോളിവുഡ് താരം രത്തന്‍ ചോപ്രയാണ് മരിച്ചിരിക്കുന്നത്. 70 വയസ്സായിരുന്നു ഇദ്ദേഹത്തിന്. അര്‍ബുദ രോഗബാധിതനായി ചികിത്സയിൽ കഴിയവേയാണ് മരണം ഉണ്ടായിരിക്കുന്നത്.
ചോപ്രയുടെ ദത്തുപുത്രിയായ അനിതയാണ് മരണവാര്‍ത്ത വെളിപ്പെടുത്തിയിരിക്കുന്നത്. അവിവാഹിതനായിരുന്ന താരം ക്യാന്‍സര്‍ ചികിത്സയ്ക്ക് സഹായിക്കാൻ ആരുമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പഞ്ചാബിലെ മലര്കോട്ലയില് വെച്ചാണ് അന്ത്യം. ഹരിയാനയിലെ പഞ്ചകുലയില്‍ ഒരു വാടകവീട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. സിനിമാ സംഘടനകള്‍ വഴി സഹായം ആവശ്യപ്പെട്ടിട്ടും ബോളിവുഡ് സിനിമാലോകത്ത് നിന്നും ആരും സഹായവുമായി എത്തിയില്ലെന്നും ഇദ്ദേഹത്തിന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്ത വാര്‍ത്തയിൽ സൂചിപ്പിച്ചിട്ടുണ്ട്.
അബ്ദുള്‍ ജബ്ബാര്‍ ഖാന് എന്നായിരുന്നു യഥാര്‍ഥ പേര്. രവി ചോപ്ര എന്നും മറ്റൊരു പേരുണ്ടായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം സ്കൂള്‍ അധ്യാപകനായി ജോലി നോക്കിയിരുന്നശേഷമാണ് പിന്നീട് അഭിനയത്തിലേക്ക് തിരിയുന്നത്. 1972ൽ പുറത്തിറങ്ങിയ മമ്മി കീ ഗുഡിയാ ആണ് പ്രസിദ്ധമായ ചിത്രം. തനൂജ ആയിരുന്നു നായികയായി അഭിനയിച്ചത്. അയിനാ(1977) എന്നൊരു ചിത്രത്തിലും അഭിനയിച്ചിരുന്നു.