ബോളിവുഡ് ലോകമൊന്നടങ്കം ഒരുപോലെ കരഞ്ഞ ദിവസമായിരുന്നു ഇന്നലെ. യുവതാരങ്ങളിൽ ശ്രദ്ധേയനായ താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആകസ്മികമായ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം ഇപ്പോൾ ഉള്ളത്. ഈയവസരത്തിൽ ആദരാഞ്ജലികളുമായി നിരവധിപേരാണ് കുറിപ്പുകള്‍ പങ്കുവച്ചു രംഗത്ത് എത്തുന്നത്. ഈ അവസരത്തിൽ ബോളിവുഡ് സംവിധായകനും നിര്‍മ്മാവുമായ കരൺ ജോഹറും നടി അനുഷ്ക ശര്‍മ്മയും പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ഏറെ ശ്രദ്ധ നേടുകയുണ്ടായി. ഏറെ വൈകാരികമായാണ് ഇരുവരും വിയോഗ വാർത്തയോട് പ്രതികരിച്ചിരിക്കുന്നത് തന്നെ.
സുശാന്തിനൊപ്പം നിൽക്കുന്നൊരു ചിത്രം പങ്കുവെച്ചുകൊണ്ട് ഹൃദയം തൊടുന്ന കുറിപ്പാണ് കരൺ ജോഹര്‍ ഇൻസ്റ്റയിൽ ഷെയർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നീയുമായി ഒരു ബന്ധവും വെച്ചുപുലര്‍ത്താതിരുന്നതിൽ ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തുന്നു. നിന്റെ ജീവിതം മറ്റൊരാളുമായി പങ്കുവയ്ക്കാൻ നീ ആഗ്രഹിച്ചിരുന്ന സമയമാണിതെന്ന് ഇപ്പോള്‍ ഞാനറിയുന്നു. പക്ഷേ എനിക്കതിനായില്ല, ഇനി ആ തെറ്റ് ആവര്‍ത്തിക്കില്ല, നമ്മുടെ ബന്ധങ്ങള്‍ വളര്‍ത്താൻ കഴിയാതെപോകുന്ന കാലഘട്ടമാണിത്. സുശാന്തിന്റെ ഈ മരണം മറ്റുള്ളവരിലേക്ക് കടന്നുചെല്ലാൻ എന്നെ പ്രേരിപ്പിക്കുന്ന ഉണര്ത്തുപാട്ടുകൂടിയാവുകയാണ്, കരൺ കുറിക്കുകയുണ്ടായി.
പികെ എന്ന സിനിമയിൽ ഒരുമിച്ചഭിനയിച്ച പ്രിയപ്പെട്ട സഹതാരത്തിന്റെ വിയോഗത്തിൽ വികാരഭരിതമായ കുറിപ്പാണ് താരമായ അനുഷ്ക ശര്‍മ്മ കുറിച്ചിരിക്കുന്നത്.
“സുശാന്ത്, നീ വളരെ ചെറുപ്പമായിരുന്നു, ഏറെ ബുദ്ധിമാനും ആയിരുന്നു, ഇത്രയും പെട്ടെന്ന് പോയല്ലോ, നിന്റെ ഒരു പ്രശ്നത്തിലും നിന്നെ സഹായിക്കാന്‍ കഴിയാത്ത ഒരു അന്തരീക്ഷത്തിലായിരുന്നു ഞങ്ങള്‍ ജീവിച്ചതെന്നറിഞ്ഞതില്‍ വളരെ സങ്കടം തോന്നുന്നു.” വേദനയോടെ അനുഷ്ക്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുകയാണ് ഈ വാക്കുകൾ.
ആമിര്‍ ഖാനും അനുഷ്ക്കയും കേന്ദ്ര കഥാപാത്രമായെത്തിയ ‘പികെ’യില്‍ സുശാന്ത് സര്‍ഫരാസ് യൂസുഫ് എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു ചിത്രത്തിൽ. ചേതന്‍ ഭഗതിന്റെ ‘ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ്’ എന്ന നോവലിനെ ആസ്പദമാക്കിയൊരുക്കിയ ‘കായ് പോ ചേ’ എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരം പത്തിലേറെ സിനിമകളിൽ ഇതിനകം തന്നെ അഭിനയിച്ചിട്ടുണ്ട്.