ലണ്ടൻ: വിഖ്യാതനായ ബ്രിട്ടിഷ് നടൻ ഇയൻ ഹോം (88) അന്തരിച്ചു. ചാരിയറ്റ്സ് ഓഫ് ഫയർ, ദ് ലോഡ്സ് ഓഫ് ദ് റിങ്സ് എന്നിവയാണു ഇദ്ദേഹത്തിന്റെ പ്രശസ്ത സിനിമകൾ. 1960കളിൽ സിനിമയിൽ സജീവമായ ഹോം, നാടകനടനായും പ്രതിഭ തെളിയിച്ചിട്ടുണ്ട്. റോയൽ ഷേക്സ്പിയർ കമ്പനിയിലെ പ്രമുഖനായിരുന്നു ഇദ്ദേഹം.
1998ൽ കിങ് ലീയർ നാടകത്തിൽ ലീയർ രാജാവായി വേഷമിട്ടു ലോറൻസ് ഒലിവർ പുരസ്കാരം നേടിയിരുന്നു. ബ്രിട്ടിഷ് അക്കാദമി പുരസ്കാരത്തിനു പുറമേ ചാരിയറ്റ്സ് ഓഫ് ഫയറിലെ (1982) അഭിനയത്തിനു മികച്ച സഹനടനുള്ള ഓസ്കർ നാമനിർദേശം ലഭിച്ചു.