മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടു നടി റിയ ചക്രബര്‍ത്തിയെ മുംബൈ പോലീസ് 9 മണിക്കൂര്‍ ചോദ്യം ചെയ്തിരിക്കുന്നു. ചോദ്യം ചെയ്യലില്‍ നടി നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
ലോക്ഡൗണ്‍ സമയത്ത് സുശാന്തിനൊപ്പം ഫ്ളാറ്റിലാണു താമസിച്ചിരുന്നതെന്നും വഴക്കിട്ടതിനെ തുടര്‍ന്നാണു തിരിച്ചുപോന്നതെന്നും റിയ വ്യക്തമാക്കി. വഴക്കിന്റെ കാരണങ്ങളെക്കുറിച്ചും റിയ പോലീസിനോടു വെളിപ്പെടുത്തുകയുണ്ടായി. അതിനു ശേഷവും തങ്ങള്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും റിയ പറയുന്നു. ശനിയാഴ്ച രാത്രി ഉറങ്ങാന്‍ പോകും മുന്‍പ് സുശാന്ത് അവസാനമായി വിളിച്ചതും റിയയെയാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ പോലീസിനു കിട്ടിയിരുന്നു. 2020 അവസാനത്തോടെ വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നുവെന്നും വീടു വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും റിയ പോലീസിനോട് വെളിപ്പെടുത്തി.
സുശാന്ത് വിഷാദ രോഗത്തിനു ചികിത്സ തേടിയിരുന്നെന്നും റിയ പോലീസിനോട് പറയുകയുണ്ടായി. മരുന്ന് കഴിക്കാതെ ജീവിത ശൈലി ക്രമീകരിക്കാനാണ് സുശാന്ത് ശ്രമിച്ചത്. ഇതിനായി യോഗയും ധ്യാനവും ചെയ്തിരുന്നു. മരുന്നു കഴിക്കാന്‍ തയാറായില്ലെന്നും റിയ പറഞ്ഞു.