തെന്നിന്ത്യന്‍ സിനിമാലോകം സ്വീകരിച്ച സൂപ്പർ ഹിറ്റ് സിനിമകളിലൊന്നായിരുന്നു വാരണം ആയിരം. സൂര്യയും ഗൗതം മേനോനും ഒരുമിച്ചെത്തിയ ഈ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. എക്കാലത്തേയും മികച്ച റൊമാന്റിക് ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡബിള്‍ റോളിൽ സൂര്യ പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തില്‍ സമീറ റെഡ്ഡിയും ദിവ്യ സ്പന്ദനയുമായിരുന്നു നായികമാരായി എത്തിയത്. 2008 ലായിരുന്നു വാരണം ആയിരം റിലീസ് ചെയ്തത് . കാക്ക കാക്കയ്ക്ക് ശേഷം സൂര്യയും ഗൗതം മേനോനും ഒരുമിച്ച ചിത്രമായിരുന്നു വാരണം ആയിരം.
സിനിമയിലെത്തി 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഗൗതം വാസുദേവ് മേനോന് ഇപ്പോൾ . ഫെബ്രുവരി 2നാണ് ഈ പരിപാടി നടക്കുന്നത്. പരിപാടിക്ക് മുന്നോടിയായി പ്രിയപ്പെട്ട സംവിധായകന് ആശംസ അറിയിച്ച് തൃഷ, കാര്‍ത്തിക്ക്, വെട്രിമാരന്, വിഘ്നേഷ് ശിവന്, ഹാരിസ് ജയരാജ് തുടങ്ങി നിരവധി പേരാണ് എത്തിയിട്ടുള്ളത്. ഇതിന് പിന്നാലെയായാണ് ആശംസയുമായി സൂര്യയും എത്തിയത്. താരത്തിന്റെ ആശംസ വീഡിയോ സംവിധായകനും ഷെയര്‍ ചെയ്തിരുന്നു. കാക്ക കാക്കയും വാരണം ആയിരവും താനൊരുപാട് ആസ്വദിച്ച് ചെയ്ത ചിത്രങ്ങളാണെന്ന് സൂര്യ പറയുന്നു. ഈ സിനിമകളിലെ ഗാനങ്ങളും മികച്ചതായിരുന്നു എന്നും കൂടി അദ്ദേഹം കൂട്ടി ചേർത്തു.
പല സ്ഥലങ്ങളിലും പോയപ്പോള്‍ താന്‍ ഈ ഗാനം കേട്ടിരുന്നുവെന്നും സൂര്യ പറയുന്നു. വാരണം ആയിരത്തിലെ ഗാനം മുന്‍പ് ജ്യോതികയുടെ പിറന്നാള്‍ ദിനത്തില്‍ താന്‍ ആലപിച്ചിരുന്നുവെന്നും താരം പറയുന്നു. നെഞ്ചുക്കുള്‍ പെയ്തിടും, അഞ്ചലേ തുടങ്ങിയ ഗാനങ്ങള്‍ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഗൗതം പറയുകയാണെങ്കില്‍ ഇനിയും ഗിറ്റാര്‍ എടുക്കാന്‍ തയ്യാറാണെന്നായിരുന്നു സൂര്യ പറഞ്ഞത്. വൈകാതെ തന്നെ താന്‍ സൂര്യയെക്കൊണ്ട് ഗിറ്റാര്‍ എടുപ്പിക്കുമെന്ന് പറഞ്ഞായിരുന്നു സംവിധായകൻറെ മറുപടി പോസ്റ്റ്.
