അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് കോബ്ര. വിക്രം നായകനാകുന്ന ഈ ചിത്രത്തിൽ ഷെയിൻ നിഗത്തിന് നൽകാനിരുന്ന വേഷം ജൂൺ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സാർജാനോ ഖാലിദിന് ലഭിച്ചു എന്നാണ് നിലവിലെ റിപ്പോർട്ട്. മലയാള സിനിമയിൽ നിന്നും ഷെയിൻ നിഗത്തിന് വിലക്ക് ഉള്ളതിനാലാണ് ഇപ്പോൾ കിട്ടിയ അവസരം നഷ്ടമായത്. സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിലേക്ക് കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തെഴുതിയതിനെ തുടർന്നാണ് ഈ തീരുമാനം.
ജൂൺ സിനിമയിലൂടെ ശ്രദ്ധേയനായ സർജാനോ ഖാലിദ് മോഹൻലാൽ ചിത്രമായ ബിഗ് ബ്രദറിലും അഭിനയിച്ചിട്ടുണ്ട്. കോബ്രയിൽ സർജാനോയ്ക്ക് കിട്ടിയിരിക്കുന്നത് ഒരു മുഴു നീള കഥാപാത്രമാണ്. ജനുവരി 31ന് സർജാനോ ചെന്നൈയിലെത്തി ചിത്രീകരണത്തിൽ പങ്കെടുത്തു.
വിക്രം നായകനാകുന്ന ചിത്രത്തിൽ ശ്രീനിധി ഷെട്ടി, കെ. എസ്. രവികുമാർ തുടങ്ങിയവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ലളിത് കുമാർ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. എ. ആർ. റഹ്മാൻ ആണ് സംഗീതം നിർവഹിക്കുന്നത്.