ആരെയും പേടിപ്പെടുത്തുന്ന ക്ഷണം ട്രെയിലർ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് . സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ക്ഷണം മലയാളത്തിൽ മികച്ച ഒരു ഹൊറർ ചിത്രമായിരിക്കുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു . ഈ ചിത്രം ഒരു ഹൊറർ സസ്പെൻസ് ത്രില്ലർ ആണ്.നടൻ മമ്മൂട്ടിയാണ് ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്. ഭരത്, ലാൽ, അജ്മൽ അമീർ, ബെെജൂ സന്തോഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഒരു ചിത്രമാണ് ക്ഷണം.
ഓജോ ബോർഡുമായി ലാലും ഭരത്തും കൂട്ടുകാരും ആത്മാവിനെ വിളിക്കുന്നത് ട്രെയിലറിൽ കാണാൻ കഴിയും. പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിറുത്തികൊണ്ടുള്ള ദൃശ്യാവിഷ്കരണമാണ് ട്രെയിലറിൽ കാണാൻ കഴിയുന്നത്. ലൊക്കേഷൻ തേടി ഒരു ഹിൽ സ്റ്റേഷനിൽ എത്തുന്ന ഫിലിം സ്കൂൾ വിദ്യാർഥികൾ അസാധാരണ സിദ്ധികളുള്ള ഒരു പാരാ സൈക്കോളജിസ്റ് പ്രൊഫസറെ കണ്ടു മുട്ടുന്നു. പിന്നീട് സംഭവിക്കുന്ന കഥയാണ് ക്ഷണം പറയാൻ പോകുന്നത്. ചിത്രത്തിന്റെ ഫോട്ടോഗ്രഫിയും വിഎഫ്എക്സും സൗണ്ട് ഡിസൈനിങ്ങും ഒക്കെ ഒരു ഹോളിവുഡ് ചിത്രങ്ങളുടെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നു ട്രെയ്ലർ വ്യക്തമാക്കുന്നു. ജാതകം എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ സുരേഷ് ഉണ്ണിത്താൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ശ്രീകുമാർ ആരൂക്കുറ്റി ആണ് ക്ഷണത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത്
.
ഗോപി സുന്ദർ ആദ്യമായി ഒരു ഹൊറര്‍ ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജെമിന് ജോം അയ്യനേത്താണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, ബി കെ ഹരി നാരായണൻ എന്നിവരുടെ വരികള്‍ക്ക് ബിജിബാൽ, വിഷ്ണു മോഹൻ സിത്താര എന്നിവര്‍ സംഗീതം പകരുന്നു. തമിഴ് നടൻ ഭരത്, ലാൽ, അജ്മൽ അമീർ, ബൈജു സന്തോഷ് എന്നിവര്‍ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ പുതുമുഖം സ്നേഹ അജിത് ആണ് നായികയായി എത്തുന്നത്.