മലയാള സിനിമയിലെ രണ്ട് താരങ്ങളുടെ വിവാഹമാണ് ഫെബ്രുവരി രണ്ടിന് നടക്കാനിരിക്കുന്നത് . പുതുമുഖതാരങ്ങളിൽ ശ്രദ്ധേയനായ ബാലു വർഗീസിന്റെയും നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെയും വിവാഹമാണ് ഒരേദിവസം നടക്കുന്നത്. നടിയും മോഡലുമായ എലീന കാതറിനെയാണ് ബാലു വർഗീസ് വിവാഹം ചെയ്യുന്നത്. കോതമംഗലം സ്വദേശിയായ ഐശ്വര്യയാണ് വിഷ്ണു ഉണ്ണികൃഷ്ണൻറെ വധു.
എലീനയുമായി പ്രണയത്തിലാണെന്ന വിവരം പുതുവർഷപ്പുലരിയിലാണ് ബാലു വർഗീസ് പ്രേക്ഷകരുമായി പങ്കുവച്ചത്. ഇരുവരും ദീർഘകാല പ്രണയത്തിലായിരുന്നു . വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ചേരാനല്ലൂർ സെന്റ് ജെയിംസ് പള്ളിയിലാണ് ഇരുവരുടെയും വിവാഹം നടക്കുക. മലയാളത്തിലെ പ്രമുഖ താരങ്ങൾ വിവാഹത്തിനെത്തും. വൈകിട്ട് 6.30 മുതൽ വല്ലാർപാടം ആൽഫാ ഹൊറസൈനിൽവച്ചാണ് വിവാഹ റിസപ്ഷൻ.
കോതമംഗലം കലാ ഓഡിറ്റോറിയത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം. താരത്തിന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച വിഷ്ണു, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലൂടെയാണ് നായകപദവിയലേക്ക് ഉയർന്നത്. ബിപിനുമായി ചേർന്ന് വിഷ്ണു ഒരുക്കിയ തിരക്കഥകൾ ബോക്സ്ഓഫീസിൽ വലിയ വിജയം നേടിയവയാണ്.