മരട് ഫ്ലാറ്റില്‍ സംഭവിച്ചത് എന്താണെന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് മരട് 357. പട്ടാഭിരാമന് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മരട് കള്ളത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വച്ച് നടന്ന പൂജയോടെ സിനിമയ്ക്ക് തുടക്കമായി.
അനൂപ് മേനോന്, ധര്മജന്, മനോജ് കെ ജയന്, ബൈജു സന്തോഷ് , സാജില്‍ സുദര്ശന്, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, നൂറിന് ഷെറീഫ് എന്നിവരാണ് നായികമാര്‍. കൂടാതെ സുധീഷ് , ഹരീഷ് കണാരന്, കൈലാഷ്, ശ്രീജിത്ത് രവി, ജയന് ചേര്‍ത്തല, ജയകൃഷ്ണന്, ബഷീര്‍, പടന്നയില്‍, മുഹമ്മദ് ഫൈസല്‍, കൃഷ്ണ , മനുരാജ്, അനില്‍ പ്രഭാകര്‍, വിഷ്ണു, കലാഭവന്‍ ഫനീഫ്, ശരണ്‍, പോള്‍ താടിക്കാരന്, അഞ്ചലി, സരയൂ, ശോഭ സിംഗ്, തുടങ്ങി മലയാളത്തിലെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
കേരളക്കരയാകെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മരട് ഫ്ലാറ്റ് വിഷയം. ഫ്ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 ഓളം കുടുംബങ്ങള്‍ക്കാണ് വീട് നഷ്ടപെട്ടത്. ഫ്ലാറ്റിലെ താമസക്കാരുടെ ജീവിതത്തിന്റെയും അവരനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെയും കഥ പറയുന്ന മരട് 357 ഭൂമാഫിയകള്‍ക്കെതിരെയുള്ള ശക്തമായ ഒരു സിനിമയായിരിക്കും.
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്ശനന് കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം. കണ്ണന് താമരക്കുളം- ദിനേശ് പള്ളത്ത് – അബ്രഹാം മാത്യു- രവി ചന്ദ്രന് എന്നിവരൊരുമിച്ച പട്ടാഭിരാമന് വമ്പന്‍ ഹിറ്റായിരുന്നു. ചരിത്രമാവര്‍ത്തിക്കാന്‍ വീണ്ടും ഈ കൂട്ടുകെട്ട് വരികയാണ്.
അനൂപ് മേനോന്, ധര്മജന്,സാജില്‍ സുദര്ശന് , രമേശ് പിഷാരടി, കൈലാഷ്, ഷീലു എബ്രഹാം, നൂറിന് ഷെറീഫ് , അഞ്ജലി, മുഹമ്മദ് ഫൈസല്‍,ശരണ്‍, നിര്‍മ്മാതാക്കളായ സുദര്ശന് കാഞ്ഞിരക്കുളം, അബ്രഹാം മാത്യു, ആല്വിന് ആന്റണി, തിരക്കഥാകൃത്ത് ദിനേശ് പള്ളത്ത് തുടങ്ങിയവര്‍ പൂജയില്‍ പങ്കെടുത്തു.
