മോഹന്‍ലാല്‍,ശ്രീനിവാസന്,സത്യന് അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന എല്ലാ സിനിമകളും സ്വീകരിച്ച മലയാളി പ്രേക്ഷകർക്ക് ഒരു സന്തോഷവാർത്തയുമായി സത്യൻ അന്തിക്കാട് രംഗത്ത് വന്നിരിക്കുകയാണ്. ഈ ജനപ്രിയ കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം കൂടി വരുമെന്ന് സത്യന് അന്തിക്കാട് കഴിഞ്ഞ ദിവസം അറിയിച്ചു.
മാതൃഭൂമി സംഘടിപ്പിച്ച അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് സംവിധായകന് ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിക്കൊപ്പമുള്ള അടുത്ത സിനിമയ്ക്ക് ശേഷമാകും മോഹന്‍ലാലിനും ശ്രീനിവാസനും ഒപ്പം ഒന്നിക്കുന്ന സിനിമ വരിക എന്ന് അദ്ദേഹം പറഞ്ഞു. ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും സൂചനകളുണ്ട്. സത്യന് അന്തിക്കാടിന്റെ മമ്മൂട്ടി ചിത്രത്തിന് ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ എഴുതുന്നത് . ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശനാണ് സത്യൻ അന്തിക്കാടിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ശ്രീനിവാസനാണ് ആ ഹിറ്റ് ചിത്രത്തിന് തിരക്കഥ നിർവ്വഹിച്ചത്.
മോഹന്‍ലാല്‍,ശ്രീനിവാസന്,സത്യന് അന്തിക്കാട് എന്നിവർ ഒന്നിച്ച മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നാടോടിക്കാറ്റ്, ടിപി ബാലഗോപാലന് എംഎ, സന്മനസുളളവര്ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ് തുടങ്ങിയവയെല്ലാം ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളാണ്. അതിനാൽ ഇവരുടെ പുതിയ സിനിമയ്ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.