മലയാളികളുടെ പ്രിയ നടൻ മോഹന്‍ലാലിന്റെ പരിക്കിനെക്കുറിച്ച് അടുത്തിടെ ചര്‍ച്ചയായിരുന്നു. കൈക്ക് സര്‍ജറി ചെയ്തിരുന്നുവെങ്കിലും വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ് താരം. ബിഗ് ബ്രദറിലും റാമിലുമൊക്കെയായി ആകെ സജീവമാണ് അദ്ദേഹം. ബിഗ് ബ്രദറില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പരിക്കിനെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എല്ലാവരും കാര്യങ്ങൾ അറിഞ്ഞത്. പരിക്കേറ്റ് കൈ വെച്ച് ബിഗ് ബ്രദര്‍ പൂര്‍ത്തിയാക്കിയ മോഹന്‍ലാലിനെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകനായ സിദ്ദിഖ് ഇപ്പോൾ.
ലേഡീസ് ആന്‍ഡ് ജെന്റില്മാന് എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒരുമിച്ചത് ഈ സിനിമയിലാണ്. കുടുംബവുമൊത്തുള്ള വിദേശയാത്രയ്ക്കിടയിലായിരുന്നു അദ്ദേഹത്തിന് പരിക്കേറ്റത്. പരിക്ക് പറ്റിയ കാര്യത്തെക്കുറിച്ച് ആദ്യമൊന്നും തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. വേദന കാര്യമാക്കാതെ ഷൂട്ടിംഗിനായി എത്തുകയായിരുന്നു അദ്ദേഹം. ആ പരിക്കും വെച്ച് നാല് ദിവസമാണ് അദ്ദേഹം ഫൈറ്റ് രംഗങ്ങള്‍ ചെയ്തത്. പരിക്ക് വെച്ച് ഇങ്ങനെയൊന്നും ചെയ്യല്ലേയെന്ന് അനൂപ് മേനോന് എഴുതിയിരുന്നു. സര്‍ജറിക്കായി പോവുന്നതിനിടയിലായിരുന്നു പരിക്കിന്റെ തീവത്രയെക്കുറിച്ച് തങ്ങള്‍ മനസ്സിലാക്കിയതെന്നും സിദ്ദിഖ് പറയുന്നു. പരിക്കിനെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കില്‍ ഷൂട്ടിംഗ് നിര്‍ത്തി വെക്കാമായിരുന്നുവല്ലോയെന്നായിരുന്നു താന്‍ അദ്ദേഹത്തോട് പറഞ്ഞതെന്നും സംവിധായകന് പറയുന്നു. അങ്ങനെ ചെയ്താല്‍ റിലീസ് നീണ്ടു പോവില്ലേ എന്നായിരുന്നു മോഹന്‍ലാല്‍ തിരിച്ചുചോദിച്ചത്.