മോഹന്‍ലാല്‍-ബ്ലെസി ചിത്രമായ തന്മാത്ര മലയാളത്തിലെ മികച്ച സിനിമകളിലൊന്നാണ്. മോഹൻലാലിന്റെ കരിയറില്‍ ഒരു വഴിത്തിരിവായ കഥാപാത്രമാണ് സിനിമയിലെ രമേശന്. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കയ തന്മാത്ര അല്‍ഷിമേഴ്സ് രോഗബാധിതനായ ആളുടെ ജീവിതമാണ് കാണിച്ചത്.
സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടനുളള സംസ്ഥാന പുരസ്കാരം മോഹന്‍ലാലിന് ലഭിച്ചിരുന്നു. നടി മീരാ വാസുദേവാണ് ചിത്രത്തില്‍ നടന്റെ ഭാര്യയായി അഭിനയിച്ചിരുന്നത്. തന്മാത്രയിലെ രമേശന് നായര്‍ തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ദശാവതാരം സെക്ഷനില്‍ സംസാരിക്കുന്നതിനിടെയാണ് നടന് തന്മാത്രയെക്കുറിച്ച് പറയാനിടയായത്. തന്മാത്രയില് താന്‍ നഗ്നനായി അഭിനയിച്ചിരുന്നുവെന്ന് നടന് വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് ആ രംഗം സെന്‍സര്‍ ചെയ്തു. സിനിമ പ്രദര്‍ശനത്തിനെത്തി രണ്ടു ദിവസം അത് അങ്ങിനെ തന്നെ തിയ്യേറ്ററില്‍ കാണിച്ചിരുന്നു. പിന്നീട് എന്തുക്കൊണ്ടോ അത് സിനിമയില്‍ നിന്ന് മാറ്റി. രമേശന് നായരും അദ്ദേഹത്തിന്റെ ഭാര്യയും കട്ടിലില്‍ കിടക്കുമ്പോള്‍ പല്ലിയെ ഓടിക്കാന്‍ അയാള്‍ എല്ലാം മറന്ന് എണീറ്റ് പോകുന്ന രംഗമായിരുന്നു അത്. അങ്ങനെ ഒരു രംഗമുണ്ടെന്ന് ബ്ലെസി തന്നോട് പറഞ്ഞില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ബ്ലെസി തിരക്കഥയില്‍ അത് എഴുതി വെച്ചിരുന്നു. എന്തുക്കൊണ്ടാണ് തന്നോട് നേരത്തെ പറയാതിരുന്നത് എന്ന് ലാലും ചോദിച്ചിരുന്നില്ല. തന്മാത്ര തന്നെ സംബന്ധിച്ച് വലിയ വെല്ലുവിളി ആയിരുന്നില്ല എന്നും മോഹൻലാൽ പറഞ്ഞു.
