നവാഗതനായ ശരൺ ശർമ ജാൻവി കപൂറിനെ നായികയാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ഗുഞ്ചൻ സക്സേന:ദി കാർഗിൽ ഗേൾ. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രം മാർച്ചിൽ പ്രദർശനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊറോണ വൈറസ് മൂലം തീയറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോൾ ചിത്രം നേരിട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രം ഓഗസ്റ്റ് 12ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
പങ്കജ് ത്രിപാഠി, അംഗദ് ബേഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഇന്ത്യൻ വനിത വ്യോമസേനയുടെ ആദ്യ പൈലറ്റും, പോരാട്ടത്തിലെ ആദ്യത്തെ ഇന്ത്യൻ വനിതാ എയർഫോഴ്സ് പൈലറ്റുമായ ഗുഞ്ചൻ സക്സേനയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടാണ് ചിത്രം ഒരുങ്ങുന്നത്. 2018 ഡിസംബർ 26 നാണ് ചിത്രം പ്രഖ്യാപിച്ചത്, നിഖിൽ മൽഹോത്ര, ശരൺ ശർമ്മ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രചിത അറോറ ആണ് സംഗീതം. ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ ആണ് ചിത്രം നിർമിക്കുന്നത്.