സെക്സിലെ പങ്കാളിത്തത്തെക്കുറിച്ചുള്ള സ്ത്രീയുടെ അവബോധം വര്‍ധിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്. എങ്കിലും പഴയകാലത്തിന്റെ ഹാങ്ഓവറില്‍ നിന്ന് സമൂഹം പൂര്‍ണമായും പുറത്തുകടന്നോ എന്നും ചിന്തിക്കേണ്ടതുണ്ട്. സെക്സ് എന്നത് പലരും രഹസ്യവിഷയമായി കാണുന്നതും അതുകൊണ്ടുതന്നെ. അത് ആണ്സഭകളില് മാത്രം ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്ന മിഥ്യാബോധം സൂക്ഷിക്കുന്ന ആണ്‍മനസ്സുകളെ ഇപ്പോഴും കാണാം. പ്രത്യേകിച്ചും ലൈംഗികതാത്പര്യങ്ങള്‍ സ്ത്രീ തുറന്നുപറഞ്ഞാല്‍ സംശയത്തോടെ നെറ്റിചുളിക്കുന്നവര്‍ കുറവൊന്നുമല്ല.
കിടപ്പറയില്‍ സ്ത്രീ മുന്‍കൈയെടുക്കുമ്പോള്‍ അതിനെ സംശയത്തോടെ നോക്കിക്കാണുന്ന പുരുഷന്മാരുമുണ്ട്. ഇവള്‍ക്ക് സെക്സില്‍ മുന്പരിചയമുണ്ടോയെന്നാണ് അത്തരക്കാരുടെ സംശയം. എന്നാല്‍ പുരുഷന്മാര് മുന്‍കൈയെടുക്കുമ്പോള്‍ ഈ ‘മുന്‍പരിചയ’ത്തിന്റെ സംശയം പെണ് മനസ്സില്‍ ഉണ്ടായിക്കൂടേ എന്ന ചിന്ത ഉയരാറുമില്ല. കാരണം സെക്സ് പുരുഷന്റെ അധികാര പരിധിയിലുള്ളതാണെന്ന ലൈംഗികനിരക്ഷരതയുണ്ടാക്കിയ ബോധം മനസ്സിലുണ്ട് എന്നതുതന്നെ. സങ്കുചിതമായ ലൈംഗികബോധങ്ങള്‍ പലപ്പോഴും ആണിന്റെ മാത്രം പ്രശ്നവുമല്ല. പങ്കാളിയോട് ലൈംഗികതാത്പര്യങ്ങള്‍ തുറന്നുപറയാന്‍ ആശങ്കപ്പെടുന്ന സ്ത്രീകളുമുണ്ട്.