തീയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യറിലീസ് തന്‍റെ ചിത്രം ആയിരിക്കുമെന്ന് അവകാശവാദവുമായി സംവിധായകൻ

 

ലോക്ക് ഡൗണ്‍ കാലത്ത് കൗതുകമുണര്‍ത്തിയ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ നടത്തിയ ഒരു സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. പ്രഖ്യാപനങ്ങള്‍ മാത്രമല്ല, സ്വന്തം ഒടിടി പ്ലാറ്റ്ഫോമിലൂടെ ഈ കാലയളവില്‍ ചിത്രീകരിച്ച ഏതാനും ചിത്രങ്ങളുടെ റിലീസും നടത്തുകയുണ്ടായി അദ്ദേഹം. പല പ്രഖ്യാപനങ്ങളുടെ കൂട്ടത്തില്‍ ഒന്ന് കൊറോണ വൈറസ് സാഹചര്യത്തെക്കുറിച്ചുതന്നെയുള്ള ‘കൊറോണ വൈറസ്’ എന്ന സിനിമയായിരുന്നു. മെയ് മാസത്തില്‍ ചിത്രത്തിന്‍റെ പ്രഖ്യാപനസമയത്ത് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത് ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് സിനിമ എന്നായിരുന്നു. ഇപ്പോഴിതാ ഈ മാസം 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി നല്‍കുന്ന അണ്‍ലോക്ക് 5.0 നിര്‍ദ്ദേശങ്ങള്‍ വന്നതിനുശേഷം ഈ ചിത്രത്തിന്‍റെ റിലീസിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി അദ്ദേഹം.

ഒക്ടോബര്‍ 15ന് വീണ്ടും തുറക്കുമ്പോള്‍ റിലീസ് ചെയ്യപ്പെടുന്ന ആദ്യചിത്രം തന്‍റെ ‘കൊറോണ വൈറസ്’ ആയിരിക്കുമെന്ന് രാം ഗോപാല്‍ വര്‍മ്മ പറയുകയുണ്ടായി. എന്നാല്‍ ചിത്രത്തിന്‍റെ കൃത്യം റിലീസ് തീയ്യതി അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ട്രെയ്‍ലര്‍ അടക്കം ട്വിറ്ററിലൂടെയാണ് പ്രതികരണം അറിയിക്കുകയുണ്ടായത്.

കൊറോണ വൈറസ് കാലത്ത് നിരവധി ചിത്രങ്ങള്‍ പ്രഖ്യാപിച്ചിരുന്ന രാം ഗോപാല്‍ വര്‍മ്മ ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ചത് സ്വന്തം ജീവചരിത്രചിത്രം ആണ്. മൂന്ന് ഭാഗങ്ങളിലായി ആറ് മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസം 16ന് തുടങ്ങുകയുണ്ടായി. സിനിമാത്രയത്തിലെ മൂന്ന് ഭാഗങ്ങളുടെ പേരുകളും അവയുടെ ഉള്ളടക്കവും പ്രഖ്യാപനസമയത്തുതന്നെ റിലീസ് ചെയ്യുകയുണ്ടായി. രാം ഗോപാല്‍ വര്‍മ്മയ്ക്ക് 20 വയസ്സുണ്ടായിരുന്നപ്പോഴത്തെ കാലമാണ് ഇതിനകം ചിത്രീകരണം തുടങ്ങിയത്, പരമ്പരയിലെ ആദ്യ ചിത്രത്തില്‍. വിജയവാഡയിലെ കോളെജ് ദിനങ്ങളും ആദ്യം ചിത്രം ശിവ സംവിധാനം ചെയ്യുന്നതുമൊക്കെ ആദ്യ ചിത്രത്തില്‍ ഉള്‍പ്പെടും. രാം ഗോപാല്‍ വര്‍മ്മ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ചിത്രം പെണ്‍കുട്ടികളും അധോലോകനേതാക്കളും അമിതാഭ് ബച്ചനുമൊക്കെയുള്ള തന്‍റെ മുംബൈ ജീവിതം ആയിരിക്കുമെന്നും രാമു പറയുന്നു. മറ്റൊരു നടനായിരിക്കും ഈ ഭാഗത്തിലെ നായകന്‍. ‘ആര്‍ജിവി- ദി ഇന്‍റലിജന്‍റ് ഇഡിയറ്റ്’ എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ചിത്രത്തില്‍ രാം ഗോപാല്‍ വര്‍മ്മ തന്‍റെ നായകനെ അവതരിപ്പിക്കും. തന്‍റെ പരാജയങ്ങളെക്കുറിച്ചും ദൈവം, രതി. സമൂഹം എന്നിവയെക്കുറിച്ചുള്ള തന്‍റെ ചിന്തകളെക്കുറിച്ചുമാവും മൂന്നാം ഭാഗമെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. ചിത്രം വിവാദമാകുമെന്ന് പ്രഖ്യാപന സമയത്തുതന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!