റോഷന്‍ മാത്യു മികച്ച സഹനടൻ

 

ബെര്‍ലിനില്‍ നടന്ന ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ റോഷന്‍ മാത്യുവിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോനി’ല്‍ അവതരിപ്പിച്ച ‘അമീര്‍’ എന്ന കഥാപാത്രമാണ് റോഷനെ പുരസ്കാരം നേടികൊടുത്തിയിരിക്കുന്നത്. പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും ‘മൂത്തോന്’ ലഭിക്കുകയുണ്ടായി. ‘പരീക്ഷ’, ‘നിര്‍വാണ ഇന്‍’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ആദില്‍ ഹുസൈനാണ് മികച്ച നടനുള്ള പുരസ്കാരം നേടിയിരിക്കുന്നത്.

നേരത്തെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും ‘മൂത്തോന്‍’ പുരസ്കാരങ്ങള്‍ നേടിയിരുന്നു. ഫെസ്റ്റിവലിലെ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടതു കൂടാതെ നിവിന്‍ പോളി മികച്ച നടനായും സഞ്ജന ദീപു മികച്ച ബാലതാരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2019 സെപ്റ്റംബറില്‍ ടൊറന്‍റോ ഫിലിം ഫെസ്റ്റിവലില്‍ അന്തര്‍ദേശീയ പ്രീമിയറിനു ശേഷം തീയേറ്റര്‍ റിലീസ് നടന്ന ചിത്രം വലിയ നിരൂപകശ്രദ്ധ നേടിയിരുന്നു. ലക്ഷ്വദ്വീപും മുംബൈയും പശ്ചാത്തലമാക്കുന്ന ചിത്രം ഒരു പതിനാല് വയസ്സുള്ള കുട്ടി തന്‍റെ ജ്യേഷ്ഠനെ തേടി ലക്ഷ്വദ്വീപില്‍ നിന്ന് മുംബൈയിലേക്ക് നടത്തുന്ന യാത്രയുടെ കഥയാണ് പറയുന്നത്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച നിവിന്‍ പോളിയ്ക്കും സഞ്ജന ദീപുവിനുമൊപ്പം ഷഷാങ്ക് അറോറ, റോഷന്‍ മാത്യു, ശോഭിത ധൂലിപാല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തി. ‘ലയേഴ്സ് ഡയസി’നു ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!