മലയാളത്തിലെ മികച്ച താരങ്ങളായ മഞ്ജു വാര്യരും മമ്മൂടടിയും ആദ്യമായി ഒരുമിച്ചെത്തുകയാണ്. സിനിമയിലെത്തിയിട്ട് ഏറെക്കാലമായെങ്കിലും മമ്മൂട്ടിക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാനായില്ലെന്ന സങ്കടം മഞ്ജു വാര്യരെ പലപ്പോഴും നിരാശപെടുത്തിയിരുന്നു. ദി പ്രീസ്റ്റിലൂടെ മഞ്ജുവിന്റെ ആ മോഹം പൂവണിയുകയാണ്. മെഗാസ്റ്റാറും ലേഡി സൂപ്പര്‍ സ്റ്റാറും ഒരുമിച്ചുള്ള ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മഞ്ജു വാര്യരാണ് ഫേസ്ബുക്കിലൂടെ ഈ ചിത്രം പങ്കുവെച്ചത്. ഇരുവരേയും ഒന്നിച്ച് കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധായകൻ. ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ജോഫിന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ദി പ്രീസ്റ്റ് . ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണന് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിക്കൊപ്പം താനിത് വരെ അഭിനയിച്ചിട്ടില്ലെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ഈ സിനിമയിലേക്കുള്ള അവസരം ലഭിച്ചപ്പോള്‍ മുതല്‍ താൻ ആകാംക്ഷയിലാണെന്ന് താരം പറഞ്ഞു.
അദ്ദേഹം എങ്ങനെയായിരിക്കും അഭിനയിക്കുന്നത്, അദ്ദേഹത്തിനൊപ്പമുള്ള സ്ക്രീന്‍ സ്പേസ് എങ്ങനെയായിരിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് താന്‍ ആലോചിക്കുന്നതെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ദി പ്രീസ്റ്റിന്റെ ലൊക്കേഷനില്‍ നിന്നുള്ള പുതിയ ചിത്രം കൂടി പുറത്തുവന്നപ്പോള്‍ ആരാധകരുടെ ആകാംക്ഷയും ഇരട്ടിച്ചിരിക്കുകയാണ്. ലൊക്കേഷന്‍ ചിത്രം പൊളിയാണെന്നുള്ള കമന്റുകളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്.