‘നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനം മാത്രമാവരുത് രാഷ്ട്രീയം..’ ഖുശ്ബുവിനെതിരെ നടി രഞ്ജിനി

 

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിലേക്ക് മാറിയ നടി ഖുശ്ബുവിനെതിരെ നടി രഞ്ജിനി രംഗത്ത് എത്തിയിരിക്കുന്നു. സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി സിനിമാ വ്യവസായത്തെ മുഴുവൻ ഖുശ്ബു നാണം കെടുത്തി എന്ന് രഞ്ജിനി പ്രതികരിക്കുകയുണ്ടായി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രഞ്ജിനിയുടെ പ്രതികരണം അറിയിക്കുകയുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രമുഖ തെന്നിന്ത്യൻ താരവും കോൺഗ്രസ് വക്താവുമായിരുന്ന ഖുശ്ബു സുന്ദര്‍ ബിജെപി പാര്‍ട്ടിയിൽ അംഗത്വം നേടുകയുണ്ടായത്.

“എന്റെ പ്രിയപ്പെട്ട സഹ പ്രവർത്തകയായ ഖുഷ്ബു ബിജെപിയിൽ ചേർന്നതിൽ അഭിനന്ദിക്കണോ എന്ന് എനിക്കറിയില്ല.ഡിഎംകെ, എ.ഐ.എ.ഡി.എം.കെ( താത്‌പര്യം കാണിച്ചു പക്ഷേ അം​ഗത്വമെടുത്തില്ല), കോൺ​ഗ്രസ്,. ഇന്നലെ ബിജെപി. അടുത്തതായി സിപിഐഎമ്മിലേക്ക് ഖുശ്ബു ചേക്കേറുമെന്ന് പ്രതീക്ഷിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. രാഷ്ട്രീയത്തിൽ വളരെയധികം ക്ഷമ, തന്ത്രം, ഏറ്റവും പ്രധാനമായി പ്രത്യയശാസ്ത്രവും അത്യാവശ്യമാണ്. നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനം മാത്രമാവരുത് രാഷ്ട്രീയം. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ പാർട്ടിയേയും നിങ്ങൾ അപലപിച്ചത് കഴിഞ്ഞ ദിവസമാണ്. അതേ നിങ്ങൾ തന്നെ ഇന്ത്യയെ നയിക്കാൻ മോദിജി മാത്രമാണ് ശരിയായ വ്യക്തിയെന്ന് അഭിപ്രായപ്പെട്ടു. ഇത് ഏറെ നിരാശാജനകമാണ്. നിങ്ങൾ അവസരവാദിയാണെന്നല്ലേ ഇത് തെളിയിക്കുന്നത്. ഇന്ന് നിങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി സിനിമാ വ്യവസായത്തെ മുഴുവൻ നാണംകെടുത്തി. പക്വതയില്ലാത്ത പ്രസ്താവനകളുടെ പേരിൽ മറ്റ് മേഖലകളിലെ ആളുകൾ അഭിനേതാക്കളെ കളിയാക്കുന്നതിൽ അതിശയിക്കാനില്ല”, രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!