ഇപ്രാവശ്യം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ നടൻ വിനീതിന്റെ പേര് കേട്ടത് വേറിട്ട വിഭാഗത്തിൽ നിന്നാണ്. നര്‍ത്തകനായും നടനായും ഒട്ടേറെ കാലമായി തിളങ്ങിനില്‍ക്കുന്ന താരത്തിന് സംസ്ഥാന അവാര്‍ഡ് കിട്ടിയത് ഡബ്ബിംഗിനാണ്. വിനീതിന്റെ അവാര്‍ഡിനെ കുറിച്ചുള്ള വാര്‍ത്തകള്‍ അതുകൊണ്ടുതന്നെ ഓണ്‍ലൈനില്‍ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ അവാര്‍ഡ് നേട്ടത്തില്‍ ജൂറിക്കും സര്‍ക്കാരിനും നന്ദി പറഞ്ഞ് വിനീത് രംഗത്ത് എത്തിയിരിക്കുകയാണ്. ആശംസകള്‍ അറിയിച്ചവര്‍ക്കും നന്ദിയെന്ന് പറയുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് വിനീത് പ്രതികരണം അറിയിക്കുകയുണ്ടായത്.
മികച്ച ഡബ്ബിംഗ് ആര്ടിസ്റ്റിനുള്ള അവാര്‍ഡിന് തെരഞ്ഞെടുത്തതിന് ബഹുമാനപ്പെട്ട ജൂറിക്കും കേരള സര്‍ക്കാരിനും നന്ദി അറിയിക്കുന്നു. ബഹുമതി ലൂസിഫറിന്റെയും മരക്കാറിന്റെയും പ്രവര്‍ത്തകര്‍ക്കായി പങ്കിടുന്നു. പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട ലാലേട്ടൻ, പ്രിയേട്ടൻ, ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ്, മുരളി ഗോപി, ലൂസിഫറിന്റെ അസോസിയേറ്റ് സംവിധായകൻ വാവ എന്നിവര്‍ക്ക്. അഭിനന്ദനം അറിയിച്ച സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും വിനയം നിറഞ്ഞ പ്രണാമം. മറ്റ് അവാര്‍ഡ് ജേതാക്കള്‍ക്കും ഹൃദയംഗമായ അഭിനന്ദനങ്ങള്‍.
ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ ഡബ്ബിംഗിനാണ് വിനീതിന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ലൂസിഫറില്‍ വിവേക് ഒബ്റോയ്ക്ക് വേണ്ടിയും മരക്കാറില്‍ അര്‍ജുനു വേണ്ടിയുമാണ് വിനീത് ഡബ്ബ് ചെയ്തിരിക്കുന്നത്.
മരക്കാറിന് മികച്ച കൊറിയോഗ്രാഫിക്കുള്ള അവാര്‍ഡ് ബൃന്ദയ്ക്കും പ്രസന്ന സുജിത്തിനും ലഭിച്ചിരുന്നു. പ്രിയദര്‍ശന്റെ മകൻ സിദ്ധാര്‍ഥിന് വിഎഫ്എക്സിനുള്ള അവാര്‍ഡും ലഭിച്ചു.