മദ്യപാനവും പുകവലിയും ഇല്ലാതിരുന്നിട്ടും ഹനീഫ ലിവർ സിറോസിസ് ബാധിതനായി , സംവിധായകൻ ശ്രീകുമാർ മേനോൻ

കൊച്ചിന്‍ ഹനീഫയുടെ പത്താം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവക്കുകയായിരുന്നു ശ്രീകുമാർ മേനോൻ. മദ്യപാനം, പുകവലി തുടങ്ങി ജീവിതശൈലിയെ ബാധിക്കുന്ന മറ്റു ദുശ്ശീലങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നിട്ടും അദ്ദേഹം ലിവര്‍ സിറോസിസ് ബാധിതനായെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

ശ്രീകുമാർ മേനോന്റെ കുറിപ്പ് ഇങ്ങനെ : “മറവികളിലേക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത ഒരാളാണ് എനിക്ക് ഹനീഫിക്ക.മരണം ചിലപ്പോഴൊക്കെ പ്രകടിപ്പിക്കുന്ന അന്യായങ്ങളിൽ നഷ്ടപ്പെട്ടു പോയ അതിഗംഭീരനായ ഒരു കലാകാരൻ.

മദ്യപിക്കില്ല, പുകവലിക്കില്ല, ജീവിതശൈലിയെ ബാധിക്കുന്ന മറ്റു ദുശ്ശീലങ്ങൾ ഒന്നും തന്നെയില്ല, എന്നിട്ടും ലിവർ സിറോസിസ് ബാധിതനായി. റേറ്റ് ടാഗ് പരസ്യത്തിൽ അഭിനയിക്കാൻ ചെന്നൈയിൽ എത്തുമ്പോൾ അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു. ഭക്ഷണകാര്യത്തിലുമൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, രണ്ടുമൂന്നു ദിവസങ്ങൾ നീണ്ടു നിന്ന ഷെഡ്യൂളിൽ ഏറെ ആസ്വദിച്ചാണ് ഹനീഫിക്ക പങ്കെടുത്തത്.

വളരെ സ്ട്രെയിനെടുത്താണ് അദ്ദേഹം സഹകരിച്ചതെന്ന് എനിക്ക് പലപ്പോഴും അനുഭവപ്പെട്ടു, എങ്കിലും മരണത്തിലേക്ക് നയിക്കത്തക്കവിധമുള്ള അസുഖമുണ്ടായിരുന്നു എന്ന് അപ്പോൾ ആർക്കും തോന്നിയിരുന്നില്ല. അത്രയ്ക്കും ഡെഡിക്കേഷനോടെയാണ് അദ്ദേഹം അത് പൂർത്തീകരിച്ചത്. പരസ്യസീരിസിലെ ഒരു നാഴികക്കല്ലായിരുന്നു റേറ്റ് ടാഗ് സീരീസിലുള്ള മികച്ച ഈ പരസ്യങ്ങൾ.

കരുണാനിധിയുമായി ഹനീഫിക്കയ്ക്കുണ്ടായിരുന്ന വളരെ അടുത്ത സൗഹൃദവും ഇക്കാലയളവിൽ നേരിട്ട് മനസിലാക്കാൻ കഴിഞ്ഞു. ഹനീഫിക്കയ്ക്കുള്ള ഭക്ഷണം പലപ്പോഴും കരുണാനിധിയുടെ വീട്ടിൽ നിന്നു തന്നെ ആദരവോടെ കൊടുത്തയച്ചിരുന്നു . പൂർണമായും നമുക്ക് അനുഭവിക്കാൻ കഴിയാതെ പോയ വലിയ ഒരു മനുഷ്യനാണ് കൊച്ചിൻ ഹനീഫ.

വാത്സല്യം പോലെ മലയാളത്തിലെ ഏറ്റവും മികച്ച ഒരു ചിത്രം സംവിധാനം ചെയ്ത ഹനീഫിക്ക, പക്ഷേ പിന്നീട് അഭിനയത്തിലും ഹാസ്യകഥാപാത്രങ്ങളിലുമായി ഒതുങ്ങി മാറി. ‘താളം തെറ്റിയ താരാട്ട്’ കണ്ടപ്പോൾ മുതൽ ഞാൻ ആരാധനയോടെ കാണാൻ തുടങ്ങിയ കലാകാരനാണ്. അപൂർണതയിലാണ് ആ ജീവിതം വിട വാങ്ങിയത്”.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!