ബിഗ് ബോസ്സിൽ നിന്ന് പുറത്തു പോകുമ്പോൾ പൊട്ടിക്കരഞ്ഞ് തെസ്നി

അപ്രതീക്ഷമായ കാര്യങ്ങളാണ് ബിഗ് ബോസ് ഹൗസിൽ‌ നടക്കുന്നത്. വീട്ടിൽ നടക്കുന്ന പലകാര്യങ്ങളും പ്രതീക്ഷയ്ക്ക് വിപരീതമാണ്. പ്രേക്ഷകരേയും മത്സരാർഥികളേയും ഒരുപോലെ ഞെട്ടിപ്പിക്കുന്നതായിരുന്നു ബിഗ് ബോസിലെ ഇത്തവണത്തെ എലിമിനേഷൻ. തെസ്നിഖാനായിരുന്നു ഇക്കുറി ബിഗ്ബോസ് ഹൗസിൽ നിന്ന് പുറത്തായത്. പതിവിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു മോഹൻലാലിന്റെ പ്രഖ്യാപനം. സാധാരണഗതിയിൽ ഞായറാഴ്ചകളിലാണ് എലിമിനേഷൻ നടക്കുന്നത്. എന്നാൽ ഇത്തവണ ശനിയാഴ്ച തന്നെ എലിമിനേഷൻ നടന്നു.

പെട്ടെന്നുളള പ്രഖ്യാപനമായിരുന്നു. ഏറെ പക്വതയോടെയായിരുന്നു തെസ്നി സന്ദർഭത്തെ കൈകാര്യം ചെയ്തത്. എന്നാൽ മോഹൻലാലിന്റെ മുന്നിൽ എത്തിയപ്പോഴേയ്ക്കും കാര്യങ്ങൾ കൈ വിട്ട് പോകുകയായിരുന്നു. എങ്ങനെയുണ്ടായിരുന്നു ബിഗ് ബോസിലെ അനുഭവം എന്ന് ചോദിച്ചപ്പോൾ വിതുമ്പി കൊണ്ടായിരുന്നു തെസ്നി മറുപടി നൽകിയത്. എല്ലാവരേയും വളരെ മിസ് ചെയ്യുന്നുണ്ടെന്നും ഒരു മാസം നിൽക്കുമെന്നു പോലും വിചാരിച്ചില്ലെന്നും തെസ്നി പറഞ്ഞു.

തെസ്നി ഖാനോട് ബിഗ് ബോസ് ഹൗസിലെ എക്സ്പീരിയൻസിനെ കുറിച്ച് മോഹൻലാൽ ചോദിച്ചിരുന്നു. ഒരുപാട് സന്തോഷമുണ്ട് ലാലേട്ട എന്നായിരുന്നു പറഞ്ഞത്. ബിഗ് ബോസ് ഒരു ഭയങ്കര എക്സ്പീരിയൻസാണ്. ഇനി വരുന്ന സീസണിൽ എന്തായാലും പങ്കെടുക്കണം എന്നും പ്രേക്ഷകരോട് തെസ്നി പറഞ്ഞു. അത്രയ്ക്ക് രസകരമായ കാര്യങ്ങളാണ് അതിനകത്ത് നടക്കുന്നത്. ഈ പ്രാവശ്യത്തെ സീസൺ അടിപൊളിയാണ്. എല്ലാം നല്ല ചുണക്കുട്ടികളാണ്. എപ്പോഴും പാട്ടും മേളവും ഭയങ്കര ലൈവാണ് അവിടെ. പുറത്തു വന്നതിൽ ഒരുപാട് സങ്കടമുണ്ട്. പക്ഷെ ഗെയിം അല്ലേ… പക്ഷെ വന്നല്ലേ പറ്റുള്ളൂ… അതുകൊണ്ട് വന്നു ,തെസ്നി പറഞ്ഞു.

എനിയ്ക്ക് നല്ല പേടിയായിരുന്നു. കാരണം എന്റെ ജൂനിയേഴ്സ് ആയിരിക്കും മിക്ക കുട്ടികളും. അപ്പോൾ അവരുടെ കൂടെ ഒരാഴ്ച എങ്കിലും നിൽക്കാൻ പറ്റുമോ എന്ന് സംശയം തോന്നിയിരുന്നു. പക്ഷെ ഒരു മാസം നിന്നതിൽ എനിയ്ക്ക് ഒരുപാട് സംശയമുണ്ട്. ഇത്രയും പറ്റില്ലേ എന്നെക്കൊണ്ട്. ആരോടും ഉച്ചത്തിൽ സംസാരിക്കാനോ ആരേയും വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കാനോ അറിയില്ല. എല്ലാവരും എന്റെ അടുത്ത് പറഞ്ഞിരുന്നു തെസ്നിയേച്ചി ഒന്ന് ചൂടാവ്. ഞാൻ ചൂടായി കഴിയുമ്പോഴേയ്ക്കും ഫുക്രു പിന്നിൽ വന്ന് എന്തെങ്കിലും കാണിക്കും അപ്പോൾ ചിരിക്കും. നേരെ സിനിമയിൽ എന്നോട് ചൂടാവൻ പറഞ്ഞാൽ ചൂടാകാൻ പറ്റും. അത് കഥാപാത്രമാണെന്നും അഭിനയമാണെന്നും എനിയ്ക്ക് അറിയാം. തെസ്നിഖാൻ പറഞ്ഞു.

ബിഗ് ബോസ് ഹൗസിലെ തെസ്നിഖാന്റെ നല്ല നിമിഷങ്ങൾ ചിത്രീകരിച്ച വീഡിയോ മോഹൻലാൽ വേദിയിൽ കാണിച്ചിരുന്നു . അത് കണ്ട് കരയുകയായിരുന്നു തെസ്നി. അകത്തുള്ളവർക്കും സങ്കടം ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ ഉണ്ടാകുമെന്നായിരുന്നു മറുപടി നൽകിയത്. ഇതൊരു മത്സരമല്ലേ, അങ്ങനെ ചിന്തിച്ചാൽ പേരെ? എന്ന് പറഞ്ഞ് മോഹൻലാൽ ആശ്വസിപ്പിച്ചു. മോഹൻലാലിനോടൊപ്പം ഒരു ചിത്രവും എടുത്തതിന് ശേഷമാണ് തെസ്നി പോയത്. തെസ്നി സങ്കടപ്പെട്ടാണ് പോയതതെന്നും മോഹൻലാൽ മറ്റ് അംഗങ്ങളെയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!