രാക്ഷസന്റെ വിജയത്തിലൂടെ ശ്രദ്ധേയനായ നടനാണ് വിഷ്ണു വിശാല്‍. വിഷ്ണു ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയ്ക്കൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തതോടെ പോസ്റ്റ് തരംഗമായി. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങി. ഇക്കാര്യം ശരിവെച്ച് പിന്നീട് ജ്വാല ഗുട്ട തന്നെ രംഗത്തെത്തിയിരുന്നു. വിഷ്ണു വിശാലുമായുളള ബന്ധം സീരിയസാണെന്ന് ജ്വാല ഗുട്ട ഒരഭിമുഖത്തില്‍ തുറന്നു പറഞ്ഞു .
ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇപ്പോള്‍ എല്ലാവര്ക്കും അറിയാമെന്നും നടി പറഞ്ഞു. ജ്വാലയെ വര്‍ഷങ്ങളായി എനിക്കറിയാമെന്നും. ഞങ്ങള്‍ക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ടെന്നുമാണ് വിഷ്ണു വിശാല്‍ മുന്‍പ് പറഞ്ഞത്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുള്ള ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, ഈ അവസരത്തില്‍ എനിക്ക് അത് പറയാനാകില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. വിഷ്ണു വിശാല്‍ മുന്‍പ് പറഞ്ഞ വാക്കുകളാണിവ.
പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നേറികൊണ്ടിരിക്കുന്നത്. രാക്ഷസന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിഷ്ണു വിശാലിന്റെ വിവാഹ മോചന വാര്‍ത്ത എല്ലാവരും അറിഞ്ഞത്. നടി രജനി നടരാജനായിരുന്നു വിഷ്ണുവിന്റെ ആദ്യ ഭാര്യ.
ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു താമസിച്ചതിന് ശേഷമാണ് ഇരുവരും വിവാഹ മോചിതരായത്. തുടര്‍ന്നാണ് ജ്വാല ഗുട്ടയ്ക്കൊപ്പമുളള വിഷ്ണു വിശാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ജ്വാല ഗുട്ടയ്ക്കൊപ്പമുളള വിഷ്ണു വിശാലിന്റെ പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
വിഷ്ണുവിന്റെ എറ്റവും പുതിയ ചിത്രമായ എഫ് ഐ ആറിന്റെ ടീസര്‍ രണ്ട് മില്യണ്‍ കടന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ഇരുവരും എത്തിയത്. ആദ്യമായിട്ടാണ് വിഷ്ണു വിശാലും ജ്വാലയും ഒന്നിച്ചെത്തിയ ഒരു വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. മുന്‍പ് ഇരുവരുമൊന്നിച്ചുളള സെല്‍ഫി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.
രാക്ഷസന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് വിഷ്ണു വിശാലിന്റെ മറ്റൊരു ത്രില്ലര്‍ ചിത്രമായ എഫ്ഐആറും എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ തരംഗമായി മാറിയിരുന്നു. മലയാളി താരങ്ങളായ മഞ്ജിമ മോഹനും റീബ മോണിക്ക ജോണുമാണ് ചിത്രത്തിലെ നായികമാര്‍.