പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള സിനിമകളാണ് അജിത്ത് കുമാറിന്റേത് എന്നതാണ് പ്രതേകത. നായകന് പ്രത്യക്ഷപ്പെടുന്ന മാസ് രംഗങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന തീം മ്യൂസിക് ഒരു ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ തന്നെ ആരാധകരുടെ മനസ്സിൽ പറന്ന് എത്തുന്നത്. ഇപ്പോഴിതാ അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം ‘വലിമൈ’ക്ക് സംഗീതം ഒരുക്കിയ അനുഭവം പറഞ്ഞിരിക്കുകയാണ് സംഗീത സംവിധായകന് യുവാന്‍ ശങ്കര്‍ രാജ. ചിത്രത്തിനുവേണ്ടി മൂന്നു പാട്ടുകളും ഒപ്പം തീം മ്യൂസിക്കും ഇതിനകം സൃഷ്ടിച്ചുവെന്നും അതില്‍ അജിത്ത് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ നിര്‍ണ്ണായകമായിരുന്നുവെന്നും യുവാന്‍ പറയുകയുണ്ടായി.
തീം മ്യൂസിക്കില്‍ നിന്ന് ഗിത്താര്‍ ഒഴിവാക്കണമെന്ന് അജിത്ത് ആവശ്യപ്പെട്ടിരുന്നുവെന്നും അതനുസരിച്ചാണ് വലിമൈയുടെ തീം മ്യൂസിക് ചിട്ടപ്പെടുത്തിയതെന്നും യുവാന്‍ ശങ്കര്‍ രാജ പറഞ്ഞു.
“ബില്ലയിലും മങ്കാത്തയിലുമൊക്കെ ഞാന്‍ ഗിത്താര്‍ കാര്യമായി ഉപയോഗിച്ചിരുന്നത് അജിത്ത് സാര്‍ ശ്രദ്ധിച്ചിരുന്നു. നേര്‍കൊണ്ട പാര്‍വൈയുടെ സമയത്ത് ഗിത്താര്‍ ഒഴിവാക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ആ ആവശ്യം നടപ്പാക്കാനായില്ല എനിക്ക്. പക്ഷേ വലിമൈയില്‍ ഞാനത് നടപ്പിലാക്കി. ഗിത്താര്‍ ഇല്ലെങ്കിലും ‘പവര്‍ഫുള്‍’ ആണ് വലിമൈയുടെ തീം മ്യൂസിക്”, യുവാന്‍ പറഞ്ഞു.