മമ്മൂട്ടി ചിത്രം നസ്രാണി എന്ത്കൊണ്ട് അന്ന് പരാജയപ്പെട്ടു

മമ്മൂട്ടി -ജോഷി കൂട്ടുകെട്ടിൽ രഞ്ജിത്ത് തിരക്കഥ എഴുതിയ ചിത്രമാണ് നസ്രാണി. ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ ചിത്രമായിരുന്നു ഇത്. പക്ഷെ 2007  ഒക്ടോബര്‍ 12ന് റിലീസായ നസ്രാണി നേരിട്ടത് വലിയ പരാജയമായിരുന്നു. സൂപ്പര്‍ ഡയറക്ടര്‍ ജോഷിയും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ഏറെയാണ്. മികച്ച ആക്ഷന്‍ രംഗങ്ങളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും അതില്‍ ഉണ്ടായിരിക്കണം എന്നതാണ് പ്രധാനം. കൂടാതെ മികച്ച സംഭാഷണങ്ങളാല്‍ സമ്പന്നമായിരിക്കണം. പിന്നെ ഒന്നാന്തരം ക്ലൈമാക്‌സ്, റിച്ച് വിഷ്വല്‍സ് എന്നിവയെല്ലാം പ്രതീക്ഷിക്കും.

മധ്യതിരുവിതാംകൂര്‍ രാഷ്ട്രീയവും അതിനെ ചുറ്റിപ്പറ്റി ഒരു കുടുംബകഥയും അതിന്റെ ഇമോഷന്‍സും മാത്രമാണ് നസ്രാണി മുന്നോട്ടുവച്ചത്. മികച്ച ആക്ഷന്‍ രംഗങ്ങള്‍ കാണാന്‍ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് സിനിമ നിരാശ നല്‍കി. നസ്രാണി റിലീസാകുന്നതിന്റെ തലേദിവസം വരെ പടം ബംബര്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി രഞ്ജിത് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിചാരിച്ച രീതിയിലൊരു വിജയം നേടാന്‍ നസ്രാണിക്ക് കഴിഞ്ഞില്ല.
നസ്രാണി എന്ന് പേരിട്ടപ്പോള്‍ പ്രേക്ഷക മനസിലേക്ക് സംഘവും കോട്ടയം കുഞ്ഞച്ചനും കടന്നുവരുന്നത് സ്വാഭാവികമാണ്. ആ രീതിയില്‍ പൊട്ടിത്തെറിക്കുന്ന ഒരു സിനിമ ആഗ്രഹിച്ച് തിയേറ്ററിലെത്തിയവരെ നസ്രാണി വേണ്ടത്ര തൃപ്തിപ്പെടുത്തിയില്ല എന്നതാണ് സത്യം. ഒരു വലിയ ഹിറ്റാകേണ്ടിയിരുന്ന സിനിമ ഒരു സാധാരണ സിനിമയായി ഒതുങ്ങിപ്പോയതിന്റെ കാരണങ്ങള്‍ ഇതൊക്കെയാണ്. എന്നാല്‍ വളരെ പ്രത്യേകതയുള്ള ചില രംഗങ്ങള്‍ നസ്രാണിയില്‍ ഉണ്ടായിരുന്നു.
നടക്കാത്ത വിവാഹത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്ന കമിതാക്കളായി മമ്മൂട്ടിയുടെ ഡേവിഡ് ജോണ്‍ കൊട്ടാരത്തിലും വിമല രാമന്റെ സാറ ഈപ്പനും ഇന്നും പ്രേക്ഷക മനസില്‍ നിലനിൽക്കുന്നുണ്ട്. ഡേവിഡ് ജോണ്‍ ഹെലികോപ്ടറില്‍ കാമുകിയെ കാണാനെത്തുന്ന സീൻ മാസാണ്. കലാഭവന്‍ മണിയുടെ സുകുമാരന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭരത് ഗോപി, ബിജു മേനോന്‍, ക്യാപ്ടന്‍ രാജു, ജനാര്‍ദ്ദനന്‍, റിസബാവ, ജഗതി, വിജയരാഘവന്‍, ലാലു അലക്‌സ്, മുക്ത തുടങ്ങിയവര്‍ക്കെല്ലാം മികച്ച കഥാപാത്രങ്ങളെയാണ് നസ്രാണിയില്‍ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!