കൊച്ചി: സീ കേരളത്തിന്റെ റിയാലിറ്റി ഷോയായ ‘സരിഗമപ’ യിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ഗായിക ശ്വേത അശോകും സഹോദരങ്ങളും ചേർന്ന് ഒരുക്കിയ ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘നീയേ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ശ്വേതയുടെ സഹോദരൻ വിഷ്ണു അശോകന് അതിമനോഹരമായ മെലഡിക്ക് ഈണം നൽകിയിരിക്കുന്നത്. സഹോദരി അശ്വതി അശോകാണ് വരികൾ എഴുതിയിരിക്കുന്നത്.
കോഴിക്കോട് സ്വദേശിയായ ഈ സഹോദരങ്ങൾ ഓണത്തിന് ചിട്ടപ്പെടുത്തിയ ഗാനവും സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റ് ആണ് ഉണ്ടാക്കിയത്. “ഒരു ഗായിക എന്ന നിലയിൽ സ്വന്തം പാട്ടുകൾ പാടണമെന്നാണ് ഓരോത്തരും ആഗ്രഹിക്കുക. ഇതെന്റെ രണ്ടാമത്തെ പാട്ടാണ്. എന്റെ ആദ്യ ഗാനം ഏറ്റെടുത്ത മലയാളികൾ ഈ ഗാനവും സ്വീകരിച്ചതിൽ സന്തോഷം ഉണ്ട്. ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ ഒതുങ്ങിയിരിന്നപ്പോൾ ഞങ്ങൾക്ക് തോന്നിയ ഒരു ഐഡിയയാണ് സ്വന്തമായി ഗാനം ഉണ്ടാക്കണമെന്ന.സഹോദരൻ വിഷ്ണുവാണെങ്കിൽ ഒരു സംഗീത സംവിധായകൻ കൂടി ആണ്. അങ്ങനെ അശ്വതിയെയും കൂടെ കൂട്ടി”, ശ്വേത പറയുന്നു.