സീരിയല്‍ നടി ദര്‍ശന ദാസിന്റെ വിവാഹക്കാര്യം അധികമാരും അറിയാൻ വഴിയില്ല. അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയലില്‍ നിന്നും നായികയെ കാണാതെ വന്നതോടെയാണ് ദര്‍ശനയുടെ പേരില്‍ സംശയങ്ങള്‍ ആരാധകര്‍ ഉന്നയിച്ചത്. ഒടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയതെല്ലാം സത്യമാണെന്ന് നടി തന്നെ സമ്മതിച്ചു. സുമംഗലീ ഭഃവ എന്ന സീരിയലിന്റെ സഹസംവിധായകനായിരുന്ന അനൂപുമായി നടി വിവാഹം കഴിക്കുകയായിരുന്നു. രജിസ്റ്റര്‍ വിവാഹത്തിന് ശേഷം കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമായി വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ അനൂപിനെ ആദ്യമായി പരിചയപ്പെട്ടത് മുതല്‍ വിവാഹത്തിലെത്തിയ കാര്യം വരെ പങ്കുവക്കുകയാണ് ദര്‍ശന.
‘ഞാന്‍ സീരിയല്‍ രംഗത്ത് എത്തിയിട്ട് ആറ് വര്‍ഷമായി. പട്ടു സാരിയിലാണ് ആദ്യം അഭിനയിച്ചത്. സുഹൃത്തായ ഫോട്ടോഗ്രാഫര്‍ അര്‍ഷല്‍ വഴിയാണ് അവസരം ലഭിച്ചത്. അതില്‍ നായികയുടെ മകളായ വരലക്ഷ്മി എന്ന കഥാപാത്രമായിരുന്നു. തുടക്കത്തില്‍ എന്റെ അഭിനയം അത്ര നന്നാകുന്നില്ല എന്ന് തോന്നിയെങ്കിലും പിന്നീട് ശരിയായി. ‘ദത്തുപുത്രി’ ചെയ്യുന്നതിനിടെ ‘ഫോര്‍ ദ പീപ്പിള്‍’ എന്ന സീരിയലില്‍ അവസരം ലഭിച്ചു. അതില്‍ നല്ല കഥാപാത്രമായിരുന്നതിനാല്‍ അങ്ങോട്ട് മാറി. ദത്തുപുത്രിയില്‍ പ്രധാന വേഷത്തിലായിരുന്നില്ല, അതിനാല്‍ മാറി നില്ക്കാന് കുഴപ്പമില്ലായിരുന്നു. ഇതിനോടകം 7 സീരിയലുകളില്‍ അഭിനയിച്ചു. തമിഴില്‍ വല്ലി എന്ന സീരിയല്‍ ചെയ്തു.
കറുത്ത മുത്തിലെ ഗായത്രിയാണ് എനിക്ക് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടി തന്നത്. നെഗറ്റീവില്‍ നിന്നും പോസിറ്റീവിലേക്ക് വന്ന കഥാപാത്രമാണത്. പക്ഷേ നന്നായി ചെയ്യാന്‍ പറ്റി എന്നാണ് വിശ്വാസം. ക്യാരക്ടറിന്റെ മാറ്റം പ്രേക്ഷകര്‍ അംഗീകരിക്കുമോ എന്ന് ചെറിയ സംശയമുണ്ടായിരുന്നു. പിന്നീട് ആ കഥാപാത്രത്തെ വേണ്ട രീതിയില്‍ പുതുക്കിയപ്പോള്‍ ശരിയായി. നല്ല വില്ലത്തിയില്‍ നിന്ന് നല്ലവളിലേക്ക് മാറിയപ്പോഴും ഗായത്രി ബോള്‍ഡായി നിന്നു. ഞാനും ജീവിതത്തില്‍ അത്യാവശ്യം ചില കാര്യങ്ങളില്‍ ബോള്‍ഡ് ആണ്. എന്ന് കരുതി ഭയങ്കരിയല്ല കേട്ടോ.
പാലക്കാട് കല്ലടിക്കോട് ആണ് എന്റെ നാട്. അച്ഛന് ദാസന്. അമ്മ ലളിത. രണ്ട് ചേച്ചിമാരാണ്. ആറാം ക്ലാസ് മുതല്‍ നൃത്തം പഠിക്കുന്നുണ്ടായിരുന്ന്. ഭരതനാട്യമാണ് മെയിന്‍. പ്ലസ് ടു കഴിഞ്ഞാണ് സീരിയലില്‍ അഭിനയിച്ച് തുടങ്ങിയത്. അഭിനയത്തിന്റെ തിരക്കിനിടെ പാലക്കാട് ലിറ്റില്‍ ഫ്ളവര്‍ കോളേജില്‍ നിന്ന് ബിഎ ഇംഗ്ലീഷ് പൂര്‍ത്തിയാക്കി. പഠനം തുടരണം എന്നാണ് ആഗ്രഹം. അതിനുള്ള ശ്രമത്തിലാണ്. അഭിനയം തന്നെയാണ് പാഷന്. സീരിയലില്‍ തന്നെ തുടരണമെന്നുണ്ട്. നല്ല കഥാപാത്രങ്ങള്‍ കിട്ടിയില്ലെങ്കില്‍ മറ്റൊരു പ്രൊഫഷന് നോക്കിയേക്കാം.
തൊടുപുഴയിലാണ് അനൂപിന്റെ വീട്. സുമംഗലീ ഭഃവ യുടെ ലൊക്കേഷനില്‍ വച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അതിന്റെ സഹസംവിധായകനായിരുന്നു അനൂപ്. ഇഷ്ടം ആദ്യം തുറന്ന് പറഞ്ഞതും അനൂപാണ്. വീട്ടില്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ചെറിയ വിഷമം തോന്നി. ഞങ്ങളുടെ തീരുമാനം ഉറച്ചതാണെന്ന് മനസിലായപ്പോള്‍ ഇരു വീട്ടുകാരും ചേര്‍ന്ന് കല്യാണം നടത്തി തരുകയായിരുന്നു. സിനിമയാണ് അനൂപിന്റെ സ്വപ്നം. അതിനുള്ള ശ്രമത്തിലാണ്. ഞാനിപ്പോള്‍ മൗനരാഗത്തിലാണ് അഭിനയിക്കുന്നത്’. അതിൽ ഒരു നെഗറ്റീവ് റോള്‍ ആണ് താൻ ചെയ്യുന്നതെന്ന് ദര്‍ശന പറയുന്നു.