മോഹന്‍ലാല്‍ ശോഭന താരജോഡികൾ ഒന്നിച്ചു അഭിനയിച്ച സിനിമകളെല്ലാം വൻ വിജയമായിരുന്നു. പ്രിയദര്ശന് സംവിധാനം ചെയ്ത സിനിമകളാണെങ്കില്‍ പറയുകയും വേണ്ട. അത്തരമൊരു ചിത്രമാണ് വെള്ളാനകളുടെ നാട്. കോണ്ട്രാക്ടര് സിപി എന്ന കഥാപാത്രത്തില്‍ മോഹന്‍ലാലും അദ്ദേഹത്തിന്റെ മുന്‍കാമുകിയും മുന്‍സിപ്പല്‍ കമ്മീഷ്ണര്‍ രാധയായി ശോഭനയും തകര്‍ത്തഭിനയിച്ച സിനിമയായിരുന്നു അത്.
കുതിരവട്ടം പപ്പുവിനെ ശ്രദ്ധേയനാക്കിയ ‘താമരശ്ശേരി ചുരം’ ഡയലോഗ് ഈ സിനിമയിലേത് ആയിരുന്നു. മണിയന്‍പിള്ള രാജുവും, ജഗദീഷും അടക്കം വെള്ളാനകളുടെ നാട് താരസമ്പന്നമായൊരു ചിത്രമായിരുന്നു. ഇപ്പോൾ സിനിമയുടെ ഓര്‍മ്മകള്‍ പുതുക്കി രംഗത്തു വന്നിരിക്കുകയാണ് മണിയന്‍പിള്ള രാജു. ഫേസ്ബുക്കിലൂടെ താരം പങ്കുവെച്ചൊരു ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്.
വെള്ളാനകളുടെ നാട് ഷൂട്ടിങിനിടെ താരങ്ങളെല്ലാം ചേര്‍ന്ന് നിന്നൊരു ചിത്രമായിരുന്നിത്. നായികയായ ശോഭനയും നായകന് മോഹന്‍ലാലും സംവിധായകന് പ്രിയദര്‍ശനും മണിയന്‍പിള്ള രാജുവും ക്യാമറമാന് എസ് കുമാറുമാണ് ചിത്രത്തിലുള്ളത്. എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ പ്രിയദര്‍ശന്റെ തലയില്‍ കൊമ്പ് വെച്ച് കുസൃതി കാണിക്കുന്ന ശോഭനയാണ് ചിത്രത്തിലുള്ളത്.